ഉത്രാടദിനമായ ഇന്നലെ പൂക്കൾ വാങ്ങാനെത്തിയവരുടെ തിരക്ക്. കണ്ണൂർ യുദ്ധ സ്മാരകത്തിനു സമീപത്തെ ദൃശ്യം. -ദീപിക
ഇരിട്ടി: ഓണവിപണി ഉഷാറാകുമെന്ന പ്രതീക്ഷയിൽ വഴിയോരങ്ങളിൽ താത്കാലിക സംവിധാനങ്ങളൊരുക്കി പൂക്കച്ചവടത്തിനും വസ്ത്ര വിൽപനയ്ക്കും എത്തിയവർക്ക് തോരാമഴ സമ്മാനിച്ചത് നിരാശ. ഉത്രാടനാളിൽ വലിയ കച്ചവടം പ്രതീക്ഷിച്ചിരുന്ന കച്ചവടക്കാരുടെ പ്രതീക്ഷകളെ മഴ തല്ലിക്കെടുത്തിയതോടെ പൂക്കളും വസ്ത്രങ്ങളുമെല്ലാം വിൽക്കാനാകാതെ കെട്ടിക്കിടന്നു. ഉത്രാടത്തലേന്ന് ഇരിട്ടി നഗരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നബിദിന വിപണിയിലും ഉണർവുണ്ടായിരുന്നു. ഉത്രാടനാളിലും സമാനമായ തിരക്ക് പ്രതീക്ഷിച്ചിരുന്ന കച്ചവടക്കാർക്കാണ് അപ്രതീക്ഷിതമായി പെയ്ത മഴ തിരിച്ചടിയായത്.
മഴയിൽ പൂക്കൾ നനഞ്ഞുകുതിർന്നതോടെ കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 800 രൂപ വരെ ലഭിച്ചിരുന്ന പൂക്കൾ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കേണ്ടിവന്നു. 100 രൂപയ്ക്കും 200 രൂപയ്ക്കും പൂക്കൾ വാരി നൽകുന്ന കാഴ്ചയാണ് ടൗണിലെ പൂക്കടകളിൽ കാണാൻ കഴിയുന്നത് . ഓണവിപണി ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുടക്കി ക്വിന്റൽ കണക്കിന് പൂക്കളുമായി എത്തിയവർക്കാണ് വലിയ നഷ്ടമുണ്ടായത്. മഴയിൽ പൂക്കൾ അഴുകിപോകുന്ന സാഹചര്യത്തിൽ കിട്ടുന്ന വിലയ്ക്ക് പൂക്കൾവിറ്റ് മുടക്ക് മുതൽ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കച്ചവടക്കാർ .
കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ വിൽക്കാനെത്തിയ വഴിയോര കച്ചവടക്കാരും മഴയിൽ വലഞ്ഞു. തുടർച്ചയായ മഴയിൽ വസ്ത്രങ്ങൾ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതിയായതോടെ വിൽപന മുടങ്ങി. മഴ ശക്തമായതോടെ നഗരത്തിലെ പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരിട്ടി-ഇരിക്കൂർ റോഡിൽ തന്തോടും ഉളിക്കൽ റോഡിൽ കടത്തുംകടവിലും വെള്ളക്കെട്ടുണ്ടായി. ഇരിട്ടി-പേരാവൂർ റോഡിൽ പയഞ്ചേരിയിലും ഹാജിറോഡിലും വെള്ളം കയറിയത് ഗതാഗതത്തെയും ബാധിച്ചു. ഇരിട്ടി ടൗണിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉണ്ടെങ്കിലും പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
നഗരസഭയിലെ ഓണാഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സോയ അധ്യക്ഷത വഹിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപറേഷനിലേക്ക് സ്ഥലംമാറി പോകുന്ന ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, സർവീസിൽ നിന്ന് വിരമിക്കുന്ന സ്വപ്നശ്രീ, കെ.ജെ. അലീന , ലേജു എന്നിവർക്കുള്ള യാത്രയയപ്പും നൽകി . സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.കെ. ഷൈജു, വി.പി. അബ്ദുൾ റഷീദ്, പി.വി. ജിഷ, പി. ധനിഷ, കെ. രാജൻ, കൗൺസിലർമാരായ പി. സീനത്ത്, കെ.കെ. ഉണ്ണികൃഷ്ണൻ, സി.വി. സുധാകരൻ, സെക്രട്ടറി കെ. അൻഷിദ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ: ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഓണച്ചന്ത പുഴാതി കൃഷി ഓഫീസർ ഇ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഹനീഷ് കെ.വാണിയങ്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ജയലളിത, വൈസ് പ്രസിഡന്റ് ദിനേശൻ പുത്തലത്ത്, മുൻ പ്രസിഡന്റ് ജോർജ് തയ്യിൽ, കോർവ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ടൗൺ പോലീസ് അക്ഷയപാത്രത്തിന് ഓണസദ്യ നൽകി.വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളും സെപ്റ്റംബർ 20ന് സംഘടിപ്പിക്കും. മുൻ സന്തോഷ് ട്രോഫി താരമായ ബിനീഷ് കിരൺ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സമാപന ചടങ്ങും സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ 26ന് പള്ളിക്കുന്ന് അച്യുത വില്ലയിൽ നടക്കും.
കല്ലുമുതിരക്കുന്ന്: കല്ലുമുതിരക്കുന്ന് സെന്റ് ജൂഡ് ഇടവകയുടെയും കല്ലുമുതിരക്കുന്ന് കക്കാട് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. സെന്റ് ജൂഡ് ഇടവക വികാരി ഫാ. ജോൺ കൂവപ്പാറയിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം വിൻസി കട്ടക്കയം, ഷിബു പുതിയവീട്ടിൽ, ജോയി കദളിയിൽ, ബിജു ചെല്ലങ്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധയിനം കലാകായിക മത്സരങ്ങളും വടംവലിയും ഓണസദ്യയും ഉണ്ടായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം ഫാ. ജോൺ കൂവപ്പാറയിൽ നിർവഹിച്ചു. സിന്ധു ഇലഞ്ഞിമണ്ണിൽ, ലിജോ പട്ടത്താനം, അലൻ വട്ടമറ്റത്തിൽ, കെസിവൈഎം അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews