നിർമാണത്തിലിരിക്കുന്ന കിണറിൽ വീണ് നട്ടെല്ലിന് പരിക്കേറ്റ മുഹമ്മദ്ിനെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ സി. വിനേഷ് സ്ട്രകചർ നോട്ട് ഉപയോഗിച്ച് കരയ്ക്കു കയറ്റുന്നു.
കണ്ണൂർ: നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ് നട്ടെല്ലിന് പരിക്കേറ്റയാളെ അഗ്നിരക്ഷാ സേന പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച ചികിത്സ ലഭ്യമാക്കി. നാറാത്ത് പുറത്തിട്ട് വളപ്പിൽ മുഹമ്മദാണ് (46) അബദ്ധത്തിൽ കണ്ണാടിപ്പറന്പ് പെട്രോൾ പന്പിന് സമീപത്തെ കിണറിൽ വീണത്. നിർമാണം നടക്കുന്ന 18 കോലുള്ള കിണറിൽ കൂടുതൽ വെള്ളമുണ്ടായിരുന്നില്ല. കിണറിൽ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ട പ്രദേശവാസികൾ കണ്ണൂർ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം സൂരജിന്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ സി. വിനേഷ് മഴ പെയ്തതിനെ തുടർന്ന് ഇടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കിണറ്റിലിറങ്ങി മുഹമ്മദിനെ സ്ട്രക്ചർ നോട്ട് ഉപയോഗിച്ച് അതിസാഹസികമായി പുറത്തെത്തിച്ച് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ എകെജി ആശുപത്രിയിലെത്തിച്ചു. സ്ട്രക്ചർ നോട്ട് ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയതിനാനാലാണ് വീണയാളുടെ നട്ടെല്ലിന്റെ പരിക്ക് കൂടുതൽ ഗുരുതരമാകാഞ്ഞതെന്ന് ഡോക്ടർമാർ പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി. മനോജ്, കെ. ശിവപ്രസാദ്, കെ.ആർ. വിഷ്ണു, എൻ.സി. അമൃതാനന്ദ്, എം. അനീഷ്, ഹോം ഗാർഡുമാരായ സി. ജിബിൻ, സി.കെ. സുകേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews