എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്ന സ്ഥലം മന്ത്രി സണ്ണി ജോസഫ്, ടി.ഒ. മോഹനന് എംഎല്‍എ, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ സന്ദര്‍ശിക്കു
കണ്ണൂർ: എളയാവൂരിൽ ദേശീയ പാത നിർമാണമേഖലയിൽ മണ്ണിടിച്ചിൽ. മൂന്നു വർഷം മുന്‍പ് വലിയ മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്നലെ രാവിലെ സംരക്ഷണ ഭിത്തി തകർന്ന് 15 അടി താഴ്ചയി ലേക്ക് മണ്ണിടിച്ചിൽ ഉണ്ടായത്. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. രാവിലെ ആറോടെയായിരുന്നു സംഭവം.
സംഭവത്തില്‍ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. സമീപത്തായി രണ്ട് വീടുകളുണ്ട്. ഇതിൽ വിമൽ നന്പ്യാറുടെ വീട്ടിലേക്ക് വരുന്ന പാതയടക്കം ഇടിഞ്ഞുതാണു. ഇന്നലെ രാവിലെയാണ് മണ്ണിടിഞ്ഞതെന്ന് പറയുന്നുണ്ടെങ്കിലും പുലർച്ചെ മുതൽ മണ്ണിടിയുന്ന ദൃശ്യങ്ങൾ വിമൽ നന്പ്യാരുടെ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്.
നടുഭാഗം തുരന്ന് നിര്‍മിച്ച പാതയായതിനാല്‍ തന്നെ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് മണ് ഭിത്തിയുള്ളത്. ഇതിന് മുന്നില്‍ സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിലും അത് അമര്‍ന്ന് മണ്ണ് ഇടിഞ്ഞി റങ്ങുകയായിരുന്നു. ഇതിന് മുകള്‍ ഭാഗത്ത് വീടുകളുള്ളതാണ് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കുന്നത്. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപ പ്പെട്ടിട്ടുണ്ട്.
2023 ജൂലൈയിൽ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിഞ്ഞിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് സംരക്ഷണ ഭിത്തി കെട്ടി മുകൾ ഭാഗത്ത് മണ്ണുനിറച്ചത്. ഇതാണ്15 അടി താഴ്ചയിലേക്ക് താഴ്ന്നത്. നിലവിലുള്ള റോഡിന് ഇത്രയും ഉയരത്തിൽ മണ്ണെടുത്തത് എന്തിനാണെന്നാണ് തദ്ദേശ വാസികൾ ചോദിക്കുന്നത്.
മന്ത്രി സണ്ണി ജോസഫ്, ടി.ഒ. മോഹനന് എംഎൽഎ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അടക്കം സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിർമാണത്തിലെ അശാസ്ത്രീയതയാണ് സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും ടി.ഒ. മോഹനനൻ എംഎൽഎയും കുറ്റപ്പെടുത്തി. നിലവിലുള്ള റോഡിന് ഇത്രയധികം ഉയരത്തിൽ മണ്ണെടുത്തത് ശരിയായില്ല.
പ്രദേശത്തെ പാരിസ്ഥിതി പ്രശ്നം മനസിലാക്കാതെയും മണ്ണ് പരിശോധന പോലും നടത്താതെയുയാണ് എൻഎച്ച് അധികൃതർ പ്രവൃത്തി നടത്തിയതെന്ന് എംഎൽഎ പറഞ്ഞു. നിർമാണസമയത്തുതന്നെ പ്രദേശവാസികൾ അപാകതകൾ ചൂണ്ടിക്കാണിച്ചുവെങ്കിലും അത് ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ല. ഇത്രയും ഉയരത്തിൽ മതിൽ നിർമിക്കരുതെന്ന തദ്ദേശവാസികളുടെ നിർദേശവും മുഖവിലയ്ക്കെടുത്തില്ലെന്ന് ടി.ഒ. മോഹനൻ പറഞ്ഞു.
സംഭവത്തിൽ ദേശീയപാത അഥോറിറ്റി അധികൃതരോട് കണ്ണൂർ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി. എൻഎച്ച് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
Tags : NattuVishesham DistrictNews