പത്തനംതിട്ട: ഓമല്ലൂരിൽ ഏലോഹി ആരാധന ഹാളിലേക്ക് അതിക്രമിച്ചു കയറി പ്രാർഥന തടസപ്പെടുത്തുകയും വിശ്വാസികളെ തടയുകയും ചെയ്ത സംഭവം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ.
രാജ്യത്ത് ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പൗരന്മാർക്ക് നൽകു ന്ന അവകാശങ്ങളെ ആക്രമിച്ചില്ലാതാക്കാം എന്നുള്ള ആർഎസ്എസ് വ്യാമോഹം കേരളത്തിൽ വിലപ്പോവില്ല. ബിജെപി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിലെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഈ ആക്രമണം അരങ്ങേറിയതെന്നത് ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങളെയും പീഡനങ്ങളെയും ഡിവൈഎഫ്ഐ പിന്തുണയ്ക്കില്ല. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷണവിധേയമാക്കണമെന്നും ഇതിന്റെ മറവിൽ അരങ്ങേറുന്ന അതിക്രമങ്ങൾ തടയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ചെന്നീർക്കരയിലെ വൃദ്ധസദനത്തിൽ നടന്ന പീഡനങ്ങളെ പിന്തുണയ്ക്കില്ല. ഇതിനെതിരേ ശക്തമായ നടപടി വേണം. എന്നാൽ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു സ്ഥലത്തു പ്രാർഥന തടയുന്നതിനോടു യോജിപ്പില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ, പ്രസിഡന്റ് എം. അനീഷ് കുമാർ, ട്രഷറാർ അമൽ ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പരാതി നൽകും
പത്തനംതിട്ട: ഓമല്ലൂരിൽ പ്രാർഥനാ കേന്ദ്രത്തിലെത്തിയ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള വിശ്വാസികളെ തടഞ്ഞ ബിജെപി നടപടിയിൽ പോലീസിൽ പരാതി നൽകുമെന്ന് ക്രിസ്ത്യൻ ഐക്യവേദി.
പ്രാർഥനയ്ക്ക് എത്തിയവരെ സംഘടിതമായെത്തി ആക്രമിച്ച് ബിജെപി പ്രവർത്തകർ ഭീകരാന്തരീക്ഷം ഉണ്ടാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ ആവശ്യപ്പെട്ടു.
Tags : nattu vishesham Action should be taken obstructed prayers: