സഹോദയ സ്കൂൾ കായിക മേള പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മുഹമ്മ: സഹോദയ സ്കൂൾസ് കോംപ്ലക്സ് ആലപ്പുഴയുടെ ജില്ലാ കായികമേളയ്ക്ക് വർണാഭമായ ചടങ്ങുകളോടെ തുടക്കം.
പൊള്ളുന്ന വെയിലിൽ ആവേശം ഒട്ടും കെടാതെ കുട്ടികൾ അണിനിരന്നത് മനോഹര കാഴ്ചയായി. മുഹമ്മ കെഇ കാർമൽ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച മേള പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രാഷ്്ട്രീയക്കാർ ഉൾപ്പടെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ കണ്ടു പഠിക്കേണ്ട പലതും കായിക ലോകത്തുണ്ടെന്ന് പി. പ്രസാദ് പറഞ്ഞു. കളിക്കളത്തിലെ വിജയങ്ങൾക്കൊപ്പം പരാജയങ്ങളും നെഞ്ചോട് ചേർക്കുന്നവരാണ് കായിക താരങ്ങൾ.
പരാജയങ്ങളിൽ തളരാതെ മുന്നോട്ട് കുതിക്കണമെന്നാണ് ഓരോ മേളയും നമ്മെ ഓർമപ്പെടുത്തുന്നത്.
തെറ്റായ മാർഗങ്ങളിലൂടെയുള്ള വിജയത്തെ പ്രണയിക്കുന്നവരല്ല കായിക താരങ്ങൾ. നേരായ മാർഗങ്ങളിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. എല്ലാവരും ഇത് മാത്യകയാക്കണം. രാഷ്്ട്രീയക്കാർ സ്പോർട്സ്മാൻസ് സ്പിരിറ്റുള്ളവർ ആകണമെന്ന് പറയുന്നത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കാത്തറ സിഎംഐ അധ്യക്ഷത വഹിച്ചു. കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ ആലപ്പുഴ സഹോദയാ പ്രസിഡന്റ് സി.ആർ. ശ്രീജ, സ്കൂൾ ബർസാർ ഫാ. സനു വലിയവീട് സി എംഐ, പിടിഎ പ്രസിഡന്റ് സന്തോഷ് ഷൺമുഖൻ,
വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, പൊള്ളേത്തൈ സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എം.ആർ. റീന, ബിഷപ് മൂർ വിദ്യാപീഠം പ്രിൻസിപ്പൽ പ്രിനു ചെറിയാൻ, കെവിഎം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ദീപാ പി. ഡൊമിനിക്, ശ്രീശങ്കരാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ യു. സുരേഷ് കുമാർ, കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എ.എൽ. ഹസീന, സഹോദയ സെക്രട്ടറി ഡോ.ആർ.എസ്. രേഖ എന്നിവർ പ്രസംഗിച്ചു.
Tags : Sahodaya school sports meet Nattuvishesham DistrictNews