മട്ടന്നൂരിൽ നിർമിക്കുന്ന സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം മന്ത്രി കെ. മുരളീധരൻ സന്ദർശിക്കുന്നു.
മട്ടന്നൂർ: മട്ടന്നൂർ ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി മേയ് മാസത്തോടെ സമർപ്പിക്കാനാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രിയുടെ നിർമാണപ്രവൃത്തി വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിലേക്ക് വേണ്ട ജീവനക്കാരുടെ നിയമനവും ഉപകരണങ്ങളും വാങ്ങുന്നതും സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മട്ടന്നൂർ കോടതിക്ക് സമീപം നിർമാണം പുരോഗമിക്കുന്ന ആശുപത്രി മന്ത്രി സന്ദർശിച്ചത്.
വി.കെ. സനോജ് എംഎൽഎ, നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കെ.പി. സാജു, സുരേഷ് മാവില, ഇ.പി. ഷംസുദ്ദീൻ, വി.എൻ. മുഹമ്മദ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, കൗൺസിലർമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രികൂടി ആരംഭിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയുടെ ഇടപെടലിൽ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കാൻ തീരുമാനിച്ചത്. 2019 ഒക്ടോബറിലാണ് സ്പെഷാലിറ്റി ആശുപത്രിക്ക് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്.
ഒന്നര വർഷത്തിനുള്ളിൽ നിർമാണപ്രവൃത്തി പൂർത്തീകരിക്കുന്നതിനാണ് ടെൻഡർ നൽകിയത്. കോവിഡും മുമ്പുണ്ടായിരുന്ന കരാർ കമ്പനി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതും ഒരു വർഷത്തിലധികം മുടങ്ങാൻ കാരണമായി. പ്രസ്തുത കമ്പനിയെ മാറ്റി പുതിയ ടെൻഡർ നൽകിയാണ് ബംഗളൂരു ആസ്ഥാനമായ ഇപ്പോഴത്തെ കമ്പനിക്ക് നിർമാണച്ചുമതല നൽകിയത്. അതോടെയാണ് നിർമാണത്തിന് വേഗം കൈവന്നത്.
നിലവിൽ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലാണ്. എല്ലാവിഭാഗങ്ങളിലുമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കും.
Tags : Minister K. Muraleedharan nattuvishesham localnews Mattannur Govt. Speciality Hospital To be inaugurated