കണ്ണൂർ ഡിസിസി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു
കണ്ണൂർ: രാജ്യത്ത് ബിജെപി നടത്തുന്ന ഭരണഘടന അട്ടിമറിക്ക് കേരളത്തിൽ സിപിഎമ്മും കൂട്ടുനിൽക്കുകയാണെന്നും ഭരണഘടനാസംരക്ഷണത്തിനായി ഡൽഹിയിൽ പ്രതിപക്ഷത്തോടൊപ്പം സമരത്തിനിറങ്ങുകയും കേരളത്തിൽ ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസിനെ എതിർക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരൻ.
കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷമായി രാജ്യത്തിന്റെ ഭരണഘടന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
മഹാരാഷ്ട്രയിൽ കോടികളുടെ അഴിമതിക്കേസിൽ ഉൾപ്പെട്ട അജിത് പവാർ ബിജെപി പാളയത്തിലെത്തിയതോടെ കേസുകൾ ഇല്ലാതായെന്ന് മുരളീധരൻ പറഞ്ഞു. എന്നാൽ, കർണാടകയിലെ ഡി.കെ. ശിവകുമാറിനെതിരായ നീക്കങ്ങൾ മാത്രം വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്. തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്തത് ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിക്കാനാണെന്നും ഇതിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
വി.എ. നാരായണൻ, ടി.ഒ. മോഹനൻ എംഎൽഎ, പി.ടി. മാത്യു, സജീവ് മാറോളി, കെ.സി. മുഹമ്മദ് ഫൈസൽ, ഇ.ആർ. വിനോദ്, മുഹമ്മദ് ബ്ലാത്തൂർ, വി.വി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
Tags : K. Muraleedharan nattuvishesham localnews BJP and CPM are neck and neck efforts