കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ നിര്‍ണായക മത്സരത്തില്‍ മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ തിരിച്ചുവരവിന് പിന്നില്‍ പരിശീലകന് ഷഫീഖ് ഹസന് മഠത്തിലിന്റെ തന്ത്രങ്ങളും ഇടപെടലുകളും. ലീഗ് റൗണ്ടില്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട ടീമിനെയാണ് ഷഫീഖ് വിജയവഴികളിലേക്ക് നയിച്ചത്.
മോശം പ്രകടനത്തെത്തുടര്‍ന്ന് മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവിനെ മാറ്റിയായിരുന്നു ഷഫീഖ് ഹസനെ ആക്ടിംഗ് ഹെഡ് കോച്ചായി നിയമിച്ചത്. ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍ കാലിക്കറ്റ് എഫ്സിക്കെതിരെ പത്തു പേരായി ചുരുങ്ങിയ കണ്ണൂര്‍ വാരിയേഴ്സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു തോറ്റത്. എന്നാല്‍ പരാജയത്തിൽ തളരാതെ ഓരോ താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ച് പോരാളിയാക്കുകയായിരുന്നു ഷഫീഖ് ഹസൻ.
പിന്നീട് കൊച്ചിയുടെ തട്ടകത്തില്‍ ഫോര്‍സ കൊച്ചിയെ പരാജയപ്പെടുത്തി കണ്ണൂര്‍ തിരിച്ചുവരവിന്റെ സൂചന നല്കി. സെമി പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന് നല്കിയ ആ വിജയത്തിന് പിന്നാലെ മലപ്പുറം എഫ്സിക്കെതിരായ അവസാന മത്സരത്തില്‍ കരുത്തരായി മാറി കണ്ണൂർ വാരിയേഴ്സിനെയാണ് കളത്തിൽ കണ്ടത്. അടിയും തിരിച്ചടിയുമായി നാല് ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടത്തില്‍ ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലപ്പുറത്തെ മുട്ടുകുത്തിച്ചാണ് കണ്ണൂർ വാരിയേഴ്സ് നിര്‍ണായക വിജയം സ്വന്തമാക്കിയത്. പുറത്താകലിന്റെ വക്കില്‍ നിന്ന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയ ഈ തിരിച്ചുവരവിലേക്ക് ടീമിനെ പ്രാപ്തനാക്കിയതിന്റെ പ്രധാന ശില്പിയും ഷഫീഖ് ഹസന് തന്നെയാണ്.
ടീമിന്റെ എൻജിനായി സാംബയും
ഷഫീഖ് ഹസനൊപ്പം ടീമിന്റെ തിരിച്ചു വരവിൽ നിർണായകമായ സ്ഥാനം വഹിച്ച മറ്റൊരു പേര് ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്സാംബയുടേതാണ്. സീസണിന്റെ തുടക്കത്തില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച് ടീമിന് രണ്ട് വിജയങ്ങള്‍ സമ്മാനിച്ച സാംബ പരിക്കിനെ തുടർന്ന് മറ്റു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നു.
കാലിക്കറ്റ് എഫ്സിക്കെതിരായ മത്സരത്തിലാണ് പരിക്ക് ഭേദമായി കളത്തിൽ തിരിച്ചെത്തിയത്. മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ പരാജയപ്പെട്ടെങ്കിലും മധ്യനിരയില്‍ നിര്‍ണായക സ്വാധീനമായിരുന്നു ഏണസ്റ്റീൻ ലവ്സാംബ കാഴ്ച വച്ചത്. ഫോര്‍സ കൊച്ചിക്കെതിരെയും മലപ്പുറം എഫ്സിക്കെതിരെയും ടീമിന്റെ എന്‍ജിനായും പ്രവര്‍ത്തിച്ചത് സാംബയായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ നിര്‍ണായക സാന്നിധ്യമായ സാംബ കളിക്കാരിൽ പുതിയൊരാവശമായിരുന്നു പകർന്നത്.
Tags : Kannur Warriors nattuvishesham localnews Behind the success of Kannur Warriors