മരിച്ച ഷിജിൽ.
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ യുവാവ് മരിക്കാനിടയായത് ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. കിഴുന്നപ്പാറ മുച്ചിലോട്ട് കാവിനു സമീപം കൊടുവള്ളി ഹൗസിൽ കെ. ശിവദാസന്റെ മകൻ കെ. ഷിജിൽ (31) ആണ് ബുധനാഴ്ച പുലർച്ചെ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്.
നവംബർ ആറിന് കണ്ണിലെ ഞരമ്പിൽ നീർക്കെട്ടിനുള്ള ചികിത്സയ്ക്കായാണ് ഷിജിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുണ്ടായ അനാവശ്യമായ കാലതാമസമാണ് ഷിജിലിന്റെ ആരോഗ്യനില വഷളാക്കിയതെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു.
കടുത്ത പനിയും ചുമയും തുടർന്ന് കഫത്തിൽ ചോര കണ്ടെത്തുകയും ചെയ്തിട്ടുപോലും യഥാസമയം ന്യൂറോ സർജനെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. രോഗാവസ്ഥ വഷളാകുമ്പോഴും ആവശ്യമായ ചികിത്സ ലഭ്യമാക്കാനോ ഐസിയുവിലേക്ക് മാറ്റാനോ പോലും ചുമതലയുള്ളവർ തയാറായില്ലെന്ന് സഹോദരൻ ഷിഗിൻ പറഞ്ഞു.
മരിക്കുന്നതിന് തലേദിവസം ഷിജിലിന് ബോധം പൂർണമായും നഷ്ടമായതിനുശേഷം രാത്രി മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത്. പുലർച്ചെ 3.30 ന് ഹൃദയസ്തംഭനത്തെ തുടർന്ന് മരണം സംഭവിച്ചുവെന്ന് പിന്നീട് അറിയിക്കുകയായിരുന്നുവെന്നും ഷിഗിൻ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർ, പ്രതിപക്ഷനേതാവ് എന്നിവർക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
Tags : man's death at Kannur Govt. Medical College nattuvishesham localnews Complaint filed with the Health Minister alleging