അഖില കേരള മെഗാ വടംവലി മത്സര ജേതാക്കളായ തണ്ടര്‍ ബോയ്സ് മീനങ്ങാടി ട്രോഫി എറ്റുവാങ്ങുന്നു.
ലക്കിടി: ഓണാഘോഷത്തോടും ലഹരിവിരുദ്ധ കാമ്പയിനോടും അനുബന്ധിച്ച് "ലഹരിക്കെതിരേ കായിക ലഹരി' എന്ന സന്ദേശമുയര്‍ത്തി കേരള എക്സൈസ് വകുപ്പും ലക്കിടി ടീന്‍സാനിയ അഡ്വഞ്ചര്‍ പാര്‍ക്കും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള മെഗാ വടംവലി മത്സരത്തില്‍ തണ്ടര്‍ ബോയ്സ് മീനങ്ങാടി ജേതാക്കളായി.
ന്യൂ ഫ്രണ്ട്സ് നൂറാംതോട് റണ്ണേഴ്സ് അപ്പായി. ടീന്‍സാനിയ പാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 16 ടീമുകള്‍ മാറ്റുരച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ എക്സൈസ് വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്കുമാര്‍ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന് നിര്‍വഹിച്ചു. ഇ.കെ. നൗഫല്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
വൈത്തിരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജിത് കുന്നത്ത്, വി.എം. ആഷിഖ്, പ്രിവന്റീവ് ഓഫിസര്‍ പി.വി. രജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ഡി. അരുണ്‍, കെ. റഷീദ്, പി.എന്‍. ശശികുമാര്‍, റഷീദ് കൈരളി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Winners