എരുമേലി ടൗണിൽ ആന, പുലി എന്നിവയുടെ ബൊമ്മകൾഎത്തിച്ച് ഇറക്കുന്നു.
എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് എരുമേലിയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. അടുത്ത രണ്ടര മാസം എരുമേലി അയ്യപ്പഭക്തരുടെ തിരക്കിലമരും. ഇത്തവണ പുതിയ ക്രമീകരണങ്ങളായി കാളകെട്ടിയിൽ 51 അംഗ പൊലിസ് എയ്ഡ് പോസ്റ്റും എരുമേലി സർക്കാർ ആശുപത്രിയിൽ പോർട്ടബിൾ എക്സ്റേ യൂണിറ്റും സജ്ജമാക്കും.
ഇന്നുമുതൽ എരുമേലി ടൗണിൽ മുസ്ലിം പള്ളി മുതൽ വലിയമ്പലം വരെ വൺവേ ഗതാഗതം നടപ്പാക്കും. പേട്ടതുള്ളലിനായി റോഡിന്റെ ഒരു വശം വാഹനരഹിതമാക്കും. പൊലിസ്, എക്സൈസ് കൺട്രോൾ റൂമുകളും വനംവകുപ്പിന്റെ ഹെൽപ് ഡെസ്കും പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ 530 അംഗ പൊലിസ് സേനയാണ് സുരക്ഷാ ചുമതലയിൽ.
ശബരിമല പാതകളിൽ അറ്റകുറ്റപ്പണികളും സുരക്ഷാ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. കണമല ഇറക്കത്തിലും കണ്ണിമല എസ് വളവിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. പരമ്പരാഗത കാനനപാത 17നു തുറക്കും.
രാവിലെ ആറുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് യാത്രാനുമതി. വലിയമ്പലത്തിൽ 15 കോടി രൂപ ചെലവിൽ നിർമിച്ച വിശ്രമകേന്ദ്രം ഭക്തർക്കായി തുറന്നുകൊടുക്കും. ആയിരം പേർക്ക് വിശ്രമിക്കാനും 25 ശുചിമുറികൾ ഉപയോഗിക്കാനുമുള്ള സൗകര്യമുണ്ട്. ദേവസ്വത്തിന്റെ അന്നദാന കേന്ദ്രവും പ്രവർത്തനം ആരംഭിക്കും. എരുമേലി സർക്കാർ ആശുപത്രിയിൽ പോർട്ടബിൾ എക്സ്റേ യൂണിറ്റും തീവ്രപരിചരണ വിഭാഗവും സജ്ജമാക്കും. മൂന്നു കിടക്കകളാണ് യൂണിറ്റിലുള്ളത്. 200 പേർക്ക് കിടത്തിചികിത്സ നൽകാനുള്ള ബെഡുകൾ ലഭ്യമായിട്ടുണ്ട്.
കെഎസ്ആർടിസി 25 ബസുകൾ പമ്പ സ്പെഷ്യൽ സർവീസിനായി അനുവദിച്ചിട്ടുണ്ട്. തീർഥാടനകാലത്ത് വൈദ്യുതിമുടക്കം ഒഴിവാക്കാനുള്ള മുൻകരുതലുകളും പൂർത്തിയാക്കി. ശബരിമല പാതകളിൽ വഴിവിളക്കുകൾ എല്ലാം പ്രവർത്തന സജ്ജമാക്കിയെന്ന് പഞ്ചായത്ത് അറിയിച്ചു.
നദികളിലെ 12 കടവുകളിൽ മൂന്ന് ഷിഫ്റ്റുകളിലായി ലൈഫ് ഗാർഡുകളുടെ സേവനവും ഫയർഫോഴ്സിന്റെ സ്കൂബാ ടീമിന്റെ സഹായവും ലഭ്യമാക്കും.
Tags : Final Stages Nattuvishesham Districtnews