കോട്ടയം: അങ്കമാലി -എരുമേലി റെയില്‍പാത പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്താന്‍ വിജ്ഞാപനം. ആദ്യ ഘട്ടമായി എറണാകുളം ജില്ലയിലെ 17 വില്ലേജുകളില്‍ സര്‍വേ നടത്താനാണ് വിജ്ഞാപനമിറങ്ങിയിരിക്കുന്നത്. ആലുവ താലൂക്കിലെ അങ്കമാലി, നെടുമ്പാശേരി, കാലടി, മറ്റൂര്‍, വടക്കുംഭാഗം, കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റം, പെരുമ്പാവൂര്‍, കൂവപ്പടി, വേങ്ങൂര്‍ വെസ്റ്റ്, രായമംഗലം, അശമന്നൂര്‍, കോതമംഗലം താലൂക്കിലെ എരമല്ലൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കിലെ മുളവൂര്‍, മൂവാറ്റുപുഴ, ഏനാനല്ലൂര്‍, വെള്ളൂര്‍ക്കുന്നം, മഞ്ഞള്ളൂര്‍ വില്ലേജുകളിലെ ഭൂമിയാണു സര്‍വേ ചെയ്യുന്നത്. സര്‍വേക്കു വിധേയമാകുന്ന ഭൂമിയില്‍ അവകാശമുള്ളവര്‍ നേരിട്ടോ പ്രതിനിധി മുഖേനയോ അതിര്‍ത്തികള്‍ കാണിച്ചുകൊടുക്കുകയും ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.
അതേസമയം അങ്കമാലി -ശബരി റെയില്‍വേ നിര്‍മിക്കാന്‍ കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ വില വിതരണം ചെയ്യാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന് ആവശ്യപ്പെട്ടു.
25 വര്‍ഷം മുമ്പ് പദ്ധതിക്കു സ്ഥലമെടുക്കാന്‍ വേണ്ടി കല്ലിട്ടുതിരിച്ച സ്ഥലം വില്‍ക്കാനോ ഈടുവച്ചു ലോണ്‍ എടുക്കാനോ കഴിയാത്ത സ്ഥലമുടമകളോട് സംസ്ഥാന സര്‍ക്കാര്‍ കരുണ കാണിക്കണം. പദ്ധതിക്കുവേണ്ടി കല്ലുകള്‍ സ്ഥാപിച്ചത് യഥാസ്ഥാനത്തുണ്ടോയെന്ന് പരിശോധിക്കാനുള്ള സര്വേക്കായാണ് നിലവില്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ശബരി റെയില്‍വേക്ക് സ്ഥലമെടുപ്പ് ഓഫിസുകള്‍ ആരംഭിക്കാനും സ്ഥലമെടുപ്പ് ഓഫിസുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാര്‍ നല്കിയ പ്രൊപ്പോസലുകള്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ റവന്യു വകുപ്പിന് നല്‍കിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുന്നതിനൊപ്പം ശബരി റെയില്‍വേ വഴി ഇടുക്കി ജില്ലയും റെയില്‍വേ മാപ്പില്‍ സ്ഥാനം പിടിക്കും. കേരളത്തിലെ 14 ടൗണുകള്‍ക്ക് റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന ശബരി റെയില്‍വേ ലൈന്‍ പദ്ധതി എരുമേലിയില്‍ നിന്ന് വിഴിഞ്ഞം തുറമുഖം വരെ നീട്ടിയാല്‍ ഈ പദ്ധതി വഴി കേരളത്തിന് ലഭിക്കുന്ന പുതിയ റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം 26 ആയി വര്‍ധിക്കും.
Tags : Angamaly–Erumeli Railway Line Nattuvishesham DistrictNews