കാഞ്ഞിരപ്പള്ളി: മലയോരത്തിന്റെ പ്രവേശനകവാടമായ കാഞ്ഞിരപ്പള്ളി ഇന്ന് കനകച്ചിലങ്കയണിയും. ഇന്നു മുതല്‍ മൂന്നു ദിനരാത്രങ്ങള്‍ കര്ഷകനാട്ടില് കലയുടെ വര്‍ണവസന്തം വിരിയും. കുരുന്നു പ്രതിഭകള്‍ കലയുടെ വര്‍ണജാലം തീര്‍ക്കുമ്പോള്‍ വര്‍ണമേളങ്ങള്‍ കാണാനും ആസ്വദിക്കാനും നാടൊന്നാകെ വേദികളിലേക്ക് ഒഴുകിയെത്തും. രാഗങ്ങളുടെ പേരുകളാണ് വേദിക്ക് നല്‍കിയിരിക്കുന്നത്.
37-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് രാവിലെ 10.30ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി മോന്‍സ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രഫ. റോണി കെ. ബേബി എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് ആയിലൂപ്പറന്പില്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ആദ്യദിനത്തില്‍ മാര്‍ഗം കളി, മോഹിനിയാട്ടം, കേരള നടനം, പൂരക്കളി, പരിചമുട്ട്, ചവിട്ടുനാടകം, ഓട്ടന്തുള്ളല്, രചനാ മത്സരങ്ങള്‍ തുടങ്ങിയവ അരങ്ങിലെത്തും. കാഞ്ഞിരപ്പള്ളി ടൗണിലും പരിസരത്തുമുള്ള സ്കൂളുകളിലും ഹാളുകളിലുമായി 14 വേദികളാണ് ഒരുക്കിയിരിക്കുന്നത്. 13 ഉപജില്ലകളില്‍ നിന്നായി 6000ത്തിലധികം കലാപ്രതിഭകള്‍ 300 ഇനങ്ങളില്‍ മാറ്റുരയ്ക്കും. നാളെ മത്സരങ്ങള്‍ക്ക് ഇടവേളയായിരിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വിവിധ വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും.
Tags : Kanjirappally will wear golden anklets today. Nattuvishesham DistrictNews