നിര്‍മലം പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന്റെ ജില്ലാതല ഏകോപനസമിതി യോഗം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ജില്ലയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മന്ത്രി മോന്‍സ് ജോസഫ് നിര്‍ദേശം നല്കി. നിര്‍മലം പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന്റെ ജില്ലാതല ഏകോപനസമിതി യോഗവും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ചു പല കോണുകളില്‍നിന്നും എതിര്‍പ്പുകള്‍ ഉയരുന്നത് ജില്ലയിലെ മാലിന്യസംസ്കരണ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അഭിപ്രായ സമന്വയത്തോടെ ജില്ലയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ മുഴുവന്‍ ഫണ്ടും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ലോക ശൗചാലയദിനത്തോടനുബന്ധിച്ചു നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ശുചിത്വമിഷന് പുറത്തിറക്കിയ ലോഗോയുടെ പ്രകാശനകര്‍മവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ബിന്ദു സെബാസ്റ്റ്യന്‍, ഗ്രേസി കരിമ്പന്നൂര്‍, ജെയ്ജി പാലയ്ക്കലോടി, സുനു ജോര്‍ജ്, കെ.കെ. സന്തോഷ്, ട്രീസ ജോസ്, സി.ആര്. പ്രസാദ്, പി.എ. അമാനത്ത്, ലക്ഷ്മി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Tags : Minister Monsys directive to conduct a feasibility study Nattuvishesham DistrictNews