ആമി മരിയ
തിരുവില്വാമല: കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടെ ഇടിക്കൂട്ടിനുള്ളിൽനിന്ന് ആമി മരിയ വാരിക്കൂട്ടിയത് സംസ്ഥാനതലത്തിൽ ആറു സ്വർണമെഡലുകൾ. തിരുവില്വാമല അരഞ്ഞാണിയിൽ സജീവ് മാത്യുവിന്റെയും റോസ്മോളുടെയും മൂത്തമകളായ ഈ പന്ത്രണ്ടാംക്ലാസുകാരി ഇന്ന് നാടിന് അഭിമാനതാരം.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൽ കോവിഡ് പിടിമുറിക്കിയ സാഹചര്യത്തിൽ യുട്യൂബിനെ ഗുരുനാഥനാക്കി ആമി മരിയ ബോക്സിംഗ് എന്ന കായിക ഇനത്തിൽ മനസുറപ്പിക്കുകയായിരുന്നു.
കോട്ടായി സ്കൂളിൽ നടന്ന സെലക്ഷൻ ക്യാന്പ് വഴി തിരുവനന്തപുരത്തെ പ്രശസ്തമായ ജി.വി.രാജാ സ്പോർട്സ് സ്ക്കൂളിലേക്ക് ആമി പ്രവേശനംനേടി. കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന 65 കിലോഗ്രാം സംസ്ഥാനതല ബോക്സിംഗ് മത്സരത്തിൽ അടക്കം സ്വർണം നേടിയാണ് ആമി തിളങ്ങുന്നത്.