പതിനൊന്ന് വർഷത്തെ വിശ്വസ്ത സേവനത്തിന് ശേഷം ഡോഗ് സ്ക്വാഡിൽ നിന്ന് വിരമിച്ച കൊച്ചി സിറ്റി പൊലിസിന്റെ സ്നിഫർ ഡോഗ് ലേഖയ്ക്ക് (ബോബി) തൃപ്പൂണിത്തുറ ഹിൽപാലസ് എആ
തൃപ്പൂണിത്തുറ: പതിനൊന്ന് വർഷത്തെ വിശ്വസ്ത സേവനത്തിന് ശേഷം ഡോഗ് സ്ക്വാഡിൽ നിന്ന് വിരമിച്ച കൊച്ചി സിറ്റി പൊലിസിന്റെ സ്നിഫർ ഡോഗ് ലേഖയ്ക്ക് (ബോബി) സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി.
തൃപ്പൂണിത്തുറ ഹിൽപാലസ് എആർ ക്യാന്പിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി ഡിഎച്ച്ക്യു കമാൻഡന്റ് വി. സുരേഷ് ബാബു ലേഖയെ പൊന്നാടയണിയിച്ചു. ഒപ്പം തന്നെ കെ9 ഡോഗ് സ്ക്വാഡിലെ സഹപ്രവർത്തകരായ മറ്റ് സേനാനായകൾ ലേഖയ്ക്ക് ഔദ്യോഗിക സല്യൂട്ട് നൽകി.
കെഎപി 1 അസിസ്റ്റന്റ് കമാൻഡന്റ് റോയി, ഡിഎച്ച്ക്യു ഇൻസ്പെക്ടർ ശ്രീകുമാർ, ലേഖയുടെ ഹാൻഡ്ലർമാരായ എസ്സിപിഒമാരായ പി.ആർ. റിജു, നിഖിൽ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
പ്രായാധിക്യത്തെ തുടർന്ന് സർവീസിൽ നിന്ന് വിരമിച്ച ലേഖയ്ക്ക് ഇനി തൃശൂർ കേരള പൊലിസ് അക്കാദമിയിലെ റിട്ടയർമെന്റ് ഹോമായ വിശ്രാന്തിയിലാണ് തുടർജീവിതം.
വിവിഐപി സന്ദർശനങ്ങളിലെ അതീവ സുരക്ഷാ പരിശോധനകളിൽ നിർണായക ചുമതല വഹിച്ചിരുന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട ലേഖ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി വിവിഐപി ഡ്യൂട്ടികളിലും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ വിഭാഗത്തിലുമായി സുരക്ഷാ ചുമതലകളിൽ പങ്കെടുത്തിട്ടുണ്ട്.
Tags : NattuVishesham DistrictNews