സംസ്ഥാന സബ്ജൂനിയർ അണ്ടർ- 17 വടംവലി മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാ ടീം.
കണ്ണൂർ: ഇടുക്കി അണക്കരയിൽ നടന്ന സബ് ജൂനിയർ അണ്ടർ- 17 സംസ്ഥാന വടംവലി മത്സരത്തിൽ ഒരു സ്വർണവും രണ്ടു വെള്ളിയും നേടി കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. മിക്സഡ് ടീം വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ജില്ല കരസ്ഥമാക്കി. മിക്സഡ് ടീമംഗം പി.വി. അവന്തിക, ബോയ്സ് ടീമംഗം ജെറോൾ ജോസ്, ഗേൾസ് ടീമംഗം ദേവിക ബിജു എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളായ കുന്നോത്ത് സെന്റ് ജോസഫ് എച്ച്എസ്എസ് (11 കുട്ടികൾ), പ്രാപ്പൊയിൽ ജിഎച്ച്എസ്എസ് (ഏഴു കുട്ടികൾ), വായാട്ടുപറമ്പ് സെന്റ് ജോസഫ് എച്ച്എസ്എസ് (ആറു കുട്ടികൾ), പേരാവൂർ സെന്റ് ജോസഫ് എച്ച്എസ്എസ് (അഞ്ചു കുട്ടികൾ), എടൂർ സെന്റ് മേരീസ് എച്ച്എസ്എസ് (ഒന്ന്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പ്രാപ്പൊയിൽ സ്കൂളിലും, കുന്നോത്ത് സ്കൂളിലുമായി നടന്ന പരിശീലനത്തിലൂടെയാണ് ഇവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.
രജിത്ത് കുമാർ കൂത്തുപറമ്പ്, മുകേഷ് തട്ടുമ്മൽ എന്നിവരായിരുന്നു പരിശീലകർ. സുനീഷ് ജോർജ്, വി.ജെ. സിജോ, ഗോപിക ബിജു, അനൂപ് വർഗീസ് എന്നിവർ മാനേജർമാരായിരുന്നു.
Tags : Nattuvishesham DistrictNews