പ്രതീകാത്മക ചിത്രം
കോഴിക്കോട്: വിലക്കയറ്റവും പാചകവാതക വിലവര്‍ധനവും മൂലം ദുരിതത്തിലായ കാറ്ററിംഗ് മേഖലയ്ക്ക് പുത്തനുണര്‍വായി ഓണക്കാലം. ഓണസദ്യയിലാണ് ഇവരുടെപ്രതീക്ഷ. കുറുവ അരിയുടെ ചോറിനൊപ്പം രണ്ടുകൂട്ടം പായസം ഉൾപ്പെടെ 20 മുതൽ 25 വരെ വിഭവങ്ങളാണ് സദ്യയിൽ വിളമ്പുക. സദ്യയ്ക്ക് 230 മുതൽ 280 രൂപയാണ് ചെറുകിട കാറ്ററിംഗുകാര് ഈടാക്കുന്നത്.
നിലവിലെ പ്രതിസന്ധിയില്‍ ഇത് വലിയ റേറ്റ് അല്ലെന്നാണ് കാറ്ററിംഗുകാര് പറയുന്നത്. വിഭവങ്ങളും പായസവും കൂടുന്പോൾ വിലയും ഉയരും. രജിസ്ട്രേഡ് കാറ്ററിംഗുകാര് അഞ്ച് പേർക്കുള്ള സദ്യ അടങ്ങുന്ന ബോക്സിന് 2200-2500 രൂപ വരെയാണ് ഈടാക്കുന്നത്. മൂന്നുപേർക്കുള്ള ബോക്സിന്1600-1700 ആണ് വില. അമ്പതിനുമുകളിൽ ആളുള്ള സദ്യയാണെങ്കിൽ ആളൊന്നിന് 270-280 രൂപയാണ് . അരി, പാൽ, പച്ചക്കറി, തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലവർധന സദ്യയെ ബാധിച്ചിട്ടുണ്ട്.
പാചക വാതക പ്രതിസന്ധിയുണ്ടാക്കിയ വിഷു-റാംസാൻ വിപണിയിലെ നഷ്ടം ഓണത്തിന് നികത്താനാകുമെന്നാണ് സ്ഥാപനങ്ങളുടെ പ്രതീക്ഷ. ഓഫീസുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വലിയ ഓര്‍ഡറുകള്‍ക്ക് പുറമെ, വീടുകളില്‍നിന്ന് ഓർഡറുമുണ്ട്. സംഘടനകളും ക്ലബുകളും ഓഫീസുകളും ഓണാഘോഷത്തിമിർപ്പിലാകുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്ററിംഗുകാർ. ഇഷ്ടമുള്ള വിഭവങ്ങൾ തെരഞ്ഞെടുത്ത് ഓർഡർ നൽകാം. സമൂഹമാധ്യമങ്ങളിലൂടെയും വാട്സാപ്പിലൂടെയുമാണ് സദ്യയുടെ പ്രചാരണം. ഓൺലൈൻ ഫുഡ് ഡെലിവറിയും വീടുകളിൽനിന്നുണ്ടാക്കി സ്ഥാപനങ്ങളിലേക്കെത്തിക്കുന്ന സംവിധാനങ്ങളുമുണ്ട്. അതേസമയം കുടുംബശ്രീ യൂണിറ്റ് വഴി 170-180 രൂപയ്ക്ക് ഓണസദ്യ വീട്ടില്‍ എത്തിച്ചുനല്‍കുന്നുണ്ട്. മിനിമം അഞ്ച് ഓര്‍ഡറുകളെങ്കിലും വേണമെന്ന് മാത്രം.
Tags : Nattuvishesham District News Onam industry