ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി.
എടത്വ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി 175-ാം വയസിലേക്ക്. 1852ല്‍ നിരണം പള്ളിയുടെ കുരിശ് പള്ളിയായി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ തുടക്കം കുറിച്ച ഈ ദേവാലയം ഇന്ന് നാടിന് ശോഭയായി നാനാജാതി മതസ്ഥരുടെ പ്രാര്‍ഥനാ കേന്ദ്രമായും നിലകൊള്ളുന്നു.
ശതോത്തര പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിക്കുന്നതിന് പ്രത്യേക സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സെപ്റ്റംബര്‍ ആറിന് ദേവാലയം സ്ഥാപിക്കുന്നതിന് പ്രവര്‍ത്തിച്ച പൂര്വപിതാക്കന്മാരേ അനുസ്മരിച്ച് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും സെമിത്തേരിയില്‍ പ്രത്യേക ധൂപ പ്രാര്‍ഥനയും നടക്കും. സെപ്റ്റംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിരണം പള്ളിയില്‍നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ച് നിരവധിവാഹനങ്ങളുടെ അകമ്പടിയില്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളോടെ പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ വികാരി ഫാ. ലിജു പി. ചെറിയാന് ജൂബിലി പതാക ഉയര്‍ത്തും.
സെപ്റ്റംബര്‍ 13ന് രാവിലെ നിരണം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്യുന്നതുമാണ്. കൊടിക്കുന്നില്‍ സുരേഷ് എംപി, റെജി ചെറിയാന് എംഎല്‍എ, മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശതോത്തര പ്ലാറ്റിനം ജൂബിലിആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി പ്രസിഡന്റ് ഫാ. ലിജു പി. ചെറിയാന്, വൈസ് പ്രസിഡന്റുമാരായി ഫാ.ഡോ. മാത്യൂസ് ജോണ്‍ മനയില്‍, ഫാ.കെ.എം. ജേക്കബ് കോതപ്പുഴശേരില്‍, ജേക്കബ് മാമ്മന്‍ അമ്പ്രയില് (ജനറല്‍ കണ്‍വീനര്‍), ഷാജി അലക്സ് (ട്രസ്റ്റി), വര്‍ഗീസ് കോലത്തുപറമ്പില്‍ (സെക്രട്ടറി & പബ്ലിസിറ്റി), റെജി കെ. ജോസഫ് (പ്രോഗ്രാം കമ്മിറ്റി), റെജി കോതപ്പുഴശേരില്‍ (ഫുഡ്കമ്മറ്റി), സാറാമ്മ മോട്ടി (റിസപ്ഷന് കമ്മിറ്റി) ഷാരോണ്‍ ജോസഫ് (മീഡിയ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
Tags : NattuVishesham DistrictNews