ഉത്രട്ടാതി ജലോത്സവത്തിൽ എ, ബി ബാച്ചുകളിൽ ജേതാക്കളായ മേലുകര, കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടം കരക്കാർ ട്രോഫികളുമായി.
എ ബാച്ചിൽ നിന്ന് ഇത്തവണ മന്നം ട്രോഫി കരസ്ഥമാക്കിയത് മേലുകര പള്ളിയോടമാണ്. തുടർച്ചയായ രണ്ടാംവർഷമാണ് മേലുകര ജേതാക്കളാകുന്നത്.
2025ൽ മേലുകര കരക്കാർ പുതുതായി നിർമിച്ച് നീറ്റിലിറക്കിയ പള്ളിയോടം ആദ്യ മത്സരത്തിൽ തന്നെ ജേതാക്കളായി. എബിൻ ഉണ്ണിക്കൃഷ്ണൻ ക്യാപ്റ്റനായ പള്ളിയോടം 35 ലക്ഷം രൂപ ചെലവിലാണ് 2025ൽ മേലുകര പള്ളിയോട സംരക്ഷണസമിതി നിർമിച്ചു നീറ്റിലിറക്കിയത്.
ആവേശമായി മാറിയ പള്ളിയോടത്തിൽ തുഴയെറിയാൻ ഇക്കുറി പരിശീലനം നേടിയ കരക്കാരെയാണ് ഉൾക്കൊള്ളിച്ചത്. യുവാക്കളായിരുന്നു ഇവരിലേറെയും. താളത്തിനൊത്ത് തുഴഞ്ഞ് അടനയന്പുകൾ നിയന്ത്രിച്ച് പ്രാഥമികപാദം മുതൽ മികച്ച പ്രകടനമാണ് മേലുകര പള്ളിയോടത്തിൽ നിന്നുണ്ടായത്. ഫൈനലിൽ ശക്തമായ പോരാട്ടത്തെയാണ് നേരിടേണ്ടിവന്നത്. പ്രാഥമികപാദത്തിൽ കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തിയ നാല് പള്ളിയോടങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.
എ ബാച്ച് രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾ യഥാക്രമം കോയിപ്രം, ഇടശേരിമലകിഴക്ക്, മല്ലപ്പുഴശേരി പള്ളിയോടങ്ങൾ കരസ്ഥമാക്കി.
കോറ്റാത്തൂർ - കൈതക്കോടിക്ക് തുടർച്ചയായ മൂന്നാം വിജയം
ബി ബാച്ചിൽ ഒന്നാമതെത്തിയ കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടം 2024, 2025 വർഷങ്ങളിലും ആറന്മുളയിൽ നിന്നു മന്നം ട്രോഫി കരസ്ഥമാക്കിയവരാണ്. ഇത്തവണ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ വന്മഴി, തോട്ടപ്പുഴശേരി, മംഗലം പള്ളിയോടങ്ങളെ പിന്തള്ളിയാണ് കോറ്റാത്തൂർ - കൈതക്കോടി കരക്കാർ മുന്നിലെത്തിയത്.
രണ്ടാം സ്ഥാനം വൻമഴിക്കാണ്. തോട്ടപ്പുഴശേരി, മംഗലം പള്ളിയോടങ്ങൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി. ലൂസേഴ്സ് ഫൈനൽ ഒഴിവാക്കിയതിനൽ പുതുക്കുളങ്ങര, ചെന്നിത്തല, ഇടക്കുളം, ഇടപ്പാവൂർ പള്ളിയോടങ്ങൾക്ക് അഞ്ച് മുതൽ എട്ടുവരെ സ്ഥാനങ്ങൾ നൽകി.
കോറ്റാത്തൂർ ദേവീവിലസം ഭരണസമിതിയുടെ ഉടമസ്ഥതയിലാണ് കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടം. അശ്വിൻ രാജീവാണ് ക്യാപ്റ്റൻ. ഇത് 19 -ാം തവണയാണ് കരക്കാർ മന്നം ട്രോഫി നേടുന്നത്.
ആർ.ശങ്കർ സുവർണ ട്രോഫി ചെന്നിത്തലയ്ക്ക്
ആറന്മുള: ഉത്രട്ടാതി ജലമേളയിൽ മികച്ച ചമയങ്ങളോടെ പാടിത്തുഴയുന്ന പള്ളിയോടത്തിനുള്ള ആർ. ശങ്കർ സ്മാരക സുവർണട്രോഫി ചെന്നിത്തല പള്ളിയോടത്തിന് സമ്മാനിച്ചു.
ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ സമ്മാനിക്കുന്ന ഏറ്റവും മൂല്യമേറിയ ട്രോഫിയാണ്. 23 പവൻ സ്വർണമുപയോഗിച്ചാണ് ട്രോഫി നിർമിച്ചിരിക്കുന്നത്. എസ്എൻഡിപി കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ട്രോഫി സമ്മാനിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Melukara