വിനു ജോബ് എംഎല്എ
ചങ്ങനാശേരി: അപകടത്തില്പ്പെട്ട് രക്തത്തില് കുളിച്ച് ഗുരുതരാവസ്ഥയില് റോഡില്കിടന്ന മൂന്നുപേര്ക്ക് രക്ഷകനായി വിനു ജോബ് എംഎല്എ. മല്ലപ്പള്ളിയില് വിവാഹ ചടങ്ങില് പങ്കെടുത്തു മടങ്ങുമ്പോഴാണ് വാഴൂര് റോഡില് നടയ്ക്കപ്പാടത്ത് അപകടത്തില്പ്പെട്ട് മൂന്നുപേര് റേഡില് രക്തത്തില് കുളിച്ചു കിടക്കുന്നത് എംഎല്എയുടെ ശ്രദ്ധയില്പ്പെട്ടത്. ഉടൻതന്നെ കാര് നിര്ത്തി എംഎല്എ പുറത്തിറങ്ങി വിവരം ആരാഞ്ഞു.
അവിടെ കൂടിനിന്നവരുടെ സഹായത്തോടെ വിനു ജോബും പഴ്സണല് സ്റ്റാഫ് ഫിലിപ്പും ചേര്ന്ന് മൂന്നുപേരേയും തന്റെ വാഹനത്തില് കയറ്റി ചങ്ങനാശേരി ജനറല് ആശുപത്രിയില് എത്തിച്ചു. മൂവര്ക്കും അടിയന്തിര ശുശ്രൂഷകള് നല്കിയ ശേഷം കോട്ടയത്തെ ആശുപത്രികളിലേക്കു മാറ്റി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വാഴൂര് റോഡില് നടയ്ക്കപ്പാടത്താണ് സംഭവം. ലോട്ടറി കച്ചവടക്കാരന് തെങ്ങണ സ്വദേശി അബ്ദുള് വാഹിദ്(65), എടത്വ സ്വദേശികളായ സോനു (32), വിപിന്(35) എന്നിവര്ക്കാണ് അപകടത്തില് പരിക്കേറ്റത്. അബ്ദുള് വാഹിദിനെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും സോനു, വിപിന് എന്നിവരെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്.
വിനു ജോബ് എംഎല്എയുടെ സമയോചിത ഇടപെടലിലാണ് പരിക്കേറ്റ മൂന്നുപേരേയും ജനറല് ആശുപത്രിയില് എത്തിച്ച് അടിയന്തര ശുശ്രൂഷ നല്കാനായത്. എംഎല്എ കഴിഞ്ഞദിവസം പുതുതായി വാങ്ങിയ ഇന്നോവ കാറിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews rescue