ഡോ. സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത
പത്തനംതിട്ട: സേവനതൽപരരായി വളരുന്ന പുതിയ തലമുറ നാടിന് പുതിയ പ്രതീക്ഷ നൽകുന്നവരാണെന്ന് ഡോ. സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരാഘോഷത്തിന്റെ കേന്ദ്രതല സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേവലം സാമൂഹിക മാധ്യമങ്ങളുടെ കരവലയത്തിൽ മാത്രം ഒതുങ്ങാതെ ജെൻസി യുഗത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുന്ന യുവത സമൂഹത്തിൽ അനിവാര്യമാണ്. അവിടെ സേവനാത്മക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത്അഭിമാനം ആണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ജോസ് സാമുവേൽ അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ രെഞ്ചു എം. ജോയ് മുഖ്യ സന്ദേശം നൽകി. പോലീസ് സബ് ഇൻസ്പെക്ടർ ഡെജി വർഗീസ് മുഖ്യാതിഥിയായിരുന്നു.
ഫാ ജെസ്വിൻ ചാക്കോ, ഭദ്രാസന യുവജന പ്രസ്ഥാനം സെക്രട്ടറി അജു ജേക്കബ്, അനീഷ് ജേക്കബ്, നിഖിൽ കെ യോഹന്നാൻ, തോമസ് ഫിലിപ്പ്, ജെൻസൺ എന്നിവർ പ്രസംഗിച്ചു.
ഒരാഴ്ച നീണ്ടു നിന്ന യുവജന വാരാഘോഷത്തിന്റെ ഭാഗമായി ഒസിവൈഎം വിവിധ ഭദ്രാസനങ്ങളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ ആതുരാലയങ്ങളിൽ ഭക്ഷണ വിതരണം, രക്തദാന ക്യാമ്പ്, വിവിധ ശുചീകരണ പ്രവർത്തനങ്ങൾ, ഓണക്കോടി വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി.