ദേശീയപാതയിൽ മരുതുംമൂടിന് സമീപം നടന്നു നീങ്ങുന്ന കന്നുകാലിക്കൂട്ടം.
മുണ്ടക്കയം ഈസ്റ്റ്: വാഹനാ കാൽനട യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി ദേശീയ പാതയിൽ കന്നുകാലിക്കൂട്ടം. മുണ്ടക്കയം 35-ാം മൈൽ മുതൽ കൊടികുത്തി വരെയുള്ള ഭാഗത്താണ് റോഡ് കന്നുകാലിക്കൂട്ടം കൈയടക്കുന്നത്.
രാത്രിയും പകലും പതിവായി കന്നുകാലികൾ കൂട്ടമായി റോഡിലേയ്ക്ക് ഇറങ്ങി നിൽക്കുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.
കന്നുകാലികൾ റോഡിൽ കിടക്കുന്നതതു മൂലം പലപ്പോഴും റോഡിൽ വലിയ ഗതാഗത തടസവും ഉണ്ടാകാറുണ്ട്. മൂടൽമഞ്ഞും മഴയുമുള്ള സമയങ്ങളിലാണ് കന്നുകാലികൾ ചൂടിനായി റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നത്. രാത്രി സമയങ്ങളിൽ ഇതുവഴി വരുന്ന വാഹന യാത്രക്കാർ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കന്നുകാലികൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇവയെ ഇടിക്കാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
കൂടാതെ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലടക്കം കന്നുകാലികൾ റോഡിനുകുറുകെ ചാടുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുകയാണ്. എസ്റ്റേറ്റിലെ തൊഴിലാളികളും സമീപത്തെ വീട്ടുകാരും വളർത്തുന്ന കന്നുകാലികളാണ് ഇത്തരത്തിൽ ഗതാഗത തടസമുണ്ടാകും വിധം റോഡ് കീഴടക്കി നടക്കുന്നത്. നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് പൊതുനിരത്തിൽ അഴിച്ചുവിടുന്ന കന്നുകാലികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പഞ്ചായത്തുകൾക്ക് ദേശീയപാത അഥോറിറ്റി നിർദേശം നൽകിയെങ്കിലും നടപ്പാക്കാൻ പല പഞ്ചായത്തുകളും മടിക്കുകയാണ്. പൊതുനിരത്തിൽ അഴിച്ചുവിടുന്ന കന്നുകാലികളെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പിടിച്ചു കെട്ടി ഉടമസ്ഥർ എത്തിയതിനുശേഷം മതിയായ നഷ്ടപരിഹാരത്തുക ഈടാക്കി വിട്ടു നൽകിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
അപകടങ്ങൾക്ക് വഴിവയ്ക്കാതെ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.
Tags : NattuVishesham DistrictNews