പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ഗവ. പോളിടെക്നിക് കോളജിന്റെ പുതിയ അക്കാദമിക്-നവീകരണ സംരംഭങ്ങളുടെ ഉദ്ഘാടനവും പുതിയ ഡിപ്ലോമ ബ്രാഞ്ചിന്റെ പ്രഖ്യാപനവും ഇന്നു നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മലയോര മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി ആരംഭിക്കുന്ന കംപ്യൂട്ടർ സയന്‍സ് ആൻഡ് ടെക്നോളജി ഡിപ്ലോമാ കോഴ്സില്‍ എഐ, ഡേറ്റാ സയന്‍സ്, മെഷീന് ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി, ഐഒടി, സോഫ്റ്റ്വേർ ഡെവലപ്മെന്റ് തുടങ്ങി അത്യാധുനിക സാങ്കേതിക പരിശീലനം നല്‍കും.
വ്യവസായ ആവശ്യങ്ങള്‍ക്കുള്ള നൈപുണികൾ വികസിപ്പിച്ച് ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള തൊഴില്‍സാധ്യത വര്‍ധിപ്പിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. ഇതിനു പുറമേ ഐഐടി മദ്രാസിന്റെ ടീച്ച് ടു ലേണ്‍ പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടിയും ഇന്നുമുതൽ ആരംഭിക്കും. ഇതിലൂടെ 3ഡി ഡിസൈന്‍, 3ഡി പ്രിന്റിംഗ്, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, പ്രൊഡക്ട് പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും.
നാളെ ആരംഭിക്കുന്ന ഇന്നവേഷന്‍ ഹബ്ബില്‍ വിദ്യാര്‍ഥികളുടെ ഗവേഷണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കും. ഇന്നു രാവിലെ 10.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംരംഭങ്ങളുടെ ഉദ്ഘാടനവും പുതിയ കോഴ്സിന്റെ പ്രഖ്യാപനവും സേനാപതി വേണു എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിക്കും.
വിവേകാനന്ദ മെഡിക്കല്‍ മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ അഖില്‍ സദാശിവന് ടീച്ച് ടു ലേണ്‍ പദ്ധതിയുടെ വിശദീകരണം നടത്തും.
ഈ അധ്യയന വര്‍ഷത്തെ ഡിപ്ലോമാ റെഗുലര്‍ സ്പോട്ട് അഡ്മിഷന് ഇന്നുമുതല്‍ ഓഗസ്റ്റ് ഒന്നുവരെയും ലാറ്ററല്‍ എന്‍ട്രി അഡ്മിഷന് ഓഗസ്റ്റ് 14 വരെയും നടക്കുമെന്ന് പ്രിന്‍സിപ്പൽ കെ. ബീന, ടീച്ച് ടു ലേണ്‍ കണ്‍വീനര്‍ ഡോ. അരുണ്‍ തോമസ്, കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ടെക്നോളജി തലവൻ അനൂപ് തോമസ്, കംപ്യൂട്ടർ എൻജിനിയറിംഗ് തലവൻ കെ.എസ്. സൗമ്യ എന്നിവര്‍ പറഞ്ഞു