പ്രതീകാത്മക ചിത്രം
അഞ്ചല്‍ : ഏരൂരില്‍ പട്ടാപകല്‍ വീട്ടിനുള്ളില്‍ നിന്ന് 11 ഗ്രാം താലിമാലയും 40,000 രൂപയും കവര്‍ന്നു. വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 11 ഗ്രാം താലിയും മാലയും 40,000 രൂപയുമാണ് മോഷ്ടിച്ചത്.
പഴയെരൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ വിജയന് -കാര്‍ത്തിക ദമ്പതികളുടെ വീട്ടിലാണ് ഞായറാഴ്ച കവര്‍ച്ച നടന്നത്. വൈകുന്നേരം വീട്ടിൽ ആരുമില്ലാതിരുന്ന സമയമാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. രാത്രി ഏഴോടെയാണ് അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ അലമാരയിലെ ചെറിയ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 10 ഗ്രാം മാലയും ഒരു ഗ്രാം താലിയും കാണുന്നില്ലെന്നു മനസിലായി. കൂടുതല്‍ പരിശോധനയില്‍ റബര്‍ ഷീറ്റ് വില്പന നടത്തിയ 40,000 രൂപയും നഷ്ടമായതായി കണ്ടെത്തി. തുടർന്ന് ഏരൂര്‍ പോലീസില്‍ പരാതി നല്കി.
വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വൈകുന്നേരം ആറോടെ രണ്ടു പേര് അതുവഴി കടന്നുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സിസിടിവി ഉള്‍പ്പടെ പോലീസുകാര്‍ പരിശോധിച്ചു വരികയാണ്.
Tags : burglary NattuVishasham DistrictNews