വടക്കഞ്ചേരി: ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ പാഴ്സൽ ലോറി പാതയോരത്തു നിർത്തിയിട്ടിരുന്ന ടിപ്പറിലും ചരക്കുലോറിയിലും ഇടിച്ച് മറ്റൊരു ലോറിയിലെ ഡ്രൈവർ മരിച്ചു. പാഴ്സൽ ലോറി ഡ്രൈവർക്കു സാരമായ പരിക്കേറ്റു.
തമിഴ്നാട് ഈറോഡ് ഗോപിചെട്ടിപ്പാളയം നേരുനഗർ സ്വദേശി പുളിയംപെട്ടിയിൽ താമസിക്കുന്ന ഷൺമുഖസുന്ദരത്തിന്റെ മകൻ ശശികുമാറാണ്(40) മരിച്ചത്. പരിക്കേറ്റ പാഴ്സൽ ലോറി ഡ്രൈവർ ആലത്തൂർ തെന്നിലാപുരം കല്ലേത്തുങ്കൽ വേണുകുമാറിനെ(60) ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കു 11.45നായിരുന്നു അപകടം. പാതയോരത്തു ലോറി നിർത്തിയിട്ട് സമീപത്തുള്ള കടയിൽ ഭക്ഷണംകഴിച്ച് ലോറിയിലേക്കു തിരിച്ച് നടന്നുപോകുന്നതിനിടെയാണ് പാഞ്ഞുവന്ന ലോറി ശശികുമാറിന്റെ ജീവനെടുത്തത്.
പാതയോരത്തു നിർത്തിയിട്ട ടിപ്പറിലാണ് ആദ്യം പാഴ്സൽ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി മുന്നോട്ടുനീങ്ങി മുന്നിൽ കിടന്നിരുന്ന ചരക്കുലോറിയുടെ പിറകിൽ ഇടിച്ചുകയറി. പാഴ്സൽ ലോറിക്കും ചരക്കുലോറിക്കും ഇടയിൽ ടിപ്പർ ഞെരിഞ്ഞമർന്നു.നടന്നുപോയിരുന്ന ശശികുമാർ ടിപ്പറിനടിയിൽ കുടുങ്ങി. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ക്രെയിന്റെ സഹായത്തോടെ ടിപ്പർ പൊക്കി ശശികുമാറിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
കണ്ണൂരിൽ ലോഡ് ഇറക്കി തിരിച്ച് തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു ശശികുമാർ. രണ്ടു വാഹനങ്ങളുടെയും ഇടയിൽ അമർന്ന ടിപ്പർ പൂർണമായും തകർന്നു. പാഴ്സൽ ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു പോലിസ് പറഞ്ഞു. ഡ്രൈവർക്കെതിരേ പോലിസ് കേസെടുത്തു.
അപകടസമയത്തു ടിപ്പറിലും ചരക്കുലോറിയിലും ആരും ഇല്ലാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി. വടക്കഞ്ചേരി ഭാഗത്തേക്കു വരികയായിരുന്നു പാഴ്സൽ ലോറി. ഇരിങ്ങാലക്കുടയിൽനിന്നു തമിഴ്നാട്ടിലേക്കു കോഴിത്തീറ്റയെടുക്കാൻ പോയിരുന്ന ടിപ്പറാണ് തകർന്നു തരിപ്പണമായത്.
അപകടത്തെതുടർന്ന് പാലക്കാട് ലെയ്നിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കമലമാണ് ശശികുമാറിന്റെ അമ്മ. ഭാര്യ: ദിബില. ഒന്നും നാലും വയസുള്ള ഷെറിൻ, ഷാരോൺ എന്നിവർ മക്കളാണ്.