പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘം ദേവസ്വം ബോർഡിന്റെ സഹകരണത്തിൽ നടത്തുന്ന ആറന്മുള വഴിപാട് വള്ളസദ്യക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 19 മുതൽ സെപ്റ്റംബർ 16 വരെ നീളുന്നതാണ് ഇത്തവണത്തെ വള്ളസദ്യ കാലയളവ്.
ഈ വർഷം ഇതേരെ 450 വള്ളസദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. 17 സദ്യാലയങ്ങൾ, 16 സദ്യ കോൺട്രാക്ടർമാർ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ 450 ട്രിപ്പുകൾ ആറന്മുളയിലേക്ക് നടത്താൻ സന്നദ്ധമായിട്ടുണ്ട്. ഇതിലേക്കായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ ക്രമീകരിക്കും.
ആറന്മുള സദ്യ ഇക്കുറി പ്രത്യേക സദ്യാലയത്തിലാണ്.
ദിവസം 350 പേർക്ക് 300 രൂപ പ്രകാരം സദ്യ ഒരുക്കും. 20 മുതൽ 55 ദിവസങ്ങളായി സദ്യ നടക്കും. ഇതിനായി ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്ന് പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ അറിയിച്ചു.
വൈസ് പ്രസിഡന്റ് കെ. എസ്. സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറാർ രമേശ് മാലിമേൽ, ഫുഡ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ ജോയിന്റ് കൺവീനർ ഭരത് വാഴുവേലിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.