ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നടന്ന യോഗത്തിൽ മന്ത്രി മോൻസ് ജോസഫ് പ്രസംഗിക്കുന്നു.
ആറന്മുള: 30 ന് നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി മോൻസ് ജോസഫ്. സംസ്ഥാനത്തെ ശ്രദ്ധേയമായ ജലോത്സവങ്ങളിൽ ഒന്നാണ് 30ന് ആറന്മുളയിൽ നടക്കുന്നത്. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനാണ് ഇക്കുറി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ക്രമീകരണം ചർച്ച ചെയ്തിരുന്നു. വള്ളംകളിക്ക് പമ്പ നദിയിലെ ജലനിരപ്പ് കൃത്യമായി നിലനിർത്തുന്നതിന് ജില്ലാ കളക്ടർ എ. നിസാമുദീന്റെ അധ്യക്ഷതയിൽ ഡാം സേഫ്റ്റി, ഇറിഗേഷൻ എന്നിവയുടെ പ്രത്യേക യോഗം ചേരും. ജല അഥോറിറ്റി കുടിവെള്ള ലഭ്യത ഉറപ്പാക്കും.
വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണം മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ഉപരാഷ്ട്രപതിയുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാർക്കിംഗ് എന്നിവയ്ക്ക് പോലീസ് സംവിധാനമൊരുക്കും.
ഫയർഫോഴ്സിന്റെ സ്കൂബാ ടീം, പട്രോളിംഗിനായി പ്രത്യേകം സ്ക്വാഡുകൾ എന്നിവയോടൊപ്പം എൻഡിആർഎഫ് സംഘവും ഉണ്ടാകും. വേദിയിലെ പന്തലിന്റെ സുരക്ഷ, റസ്റ്റ് ഹൗസിലെ സൗകര്യങ്ങൾ എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കും. ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ ടീം ലഭ്യമാക്കും. നദിയിലെ മണൽപുറ്റ്, മുള, കമ്പ് തുടങ്ങിയവ ഇറിഗേഷൻ വകുപ്പ് നീക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ വേലി സ്ഥാപിക്കും.
വേദിയുടെയും പരിസരത്തിന്റെയും ശുചിത്വം, മാലിന്യനിർമാർജനം, ബയോ ടോയ്ലറ്റ് എന്നിവയുടെ ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. ജലോത്സവവുമായി ബന്ധപ്പെട്ട് 28 മുതൽ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും.
എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, സി.വി.ശാന്തകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ദീനാമ്മ റോയി, ജില്ലാ കളക്ടർഎ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham District News Aranmula Uttaratthi Jalotsavam