പോലീസ് തെളിവെടുപ്പു നടത്തുന്നു.
നെടുമങ്ങാട്: ക്രൂരപീഡനത്തിനിരയായി ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ പിതാവ് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പു നടത്തി.
അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെളിവെടുപ്പ് നടന്നത്. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്ത പാപ്പനംകോട് പള്ളിയിലും ആമിനയുടെ സ്വർണംവിറ്റ പാലോട്ടെ ജ്വല്ലറിയിലും അഷ്കറിനെ എത്തിച്ചു. ആമിനയോടൊപ്പം താമസിച്ച പനവൂർ -ആറ്റിൻ പുറത്തെ വാടകവീട്ടിലും കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസിന്റെ നേതൃത്വത്തിൽ തെളിവെടുത്തിരുന്നു. ആമിനയുടെ വായിൽ എലിവിഷം ഒഴിച്ചശേഷം കിണറ്റിൽ തള്ളിയിട്ടു എന്നതാണ് കേസ്.
അഷ്കറിന്റെ ഉമ്മ രണ്ടാം പ്രതിയായും സഹോദരി അഷ്റിഫ മൂന്നാം പ്രതിയായുമാണു കേസെടുത്തിരിക്കുന്നത്.
പാലോട് കരിമൺകോട് സ്വദേശിയായ ആമിനയെ വിവാഹം ചെയ്യുമ്പോൾ ലഭിച്ച അഞ്ചു പവനും 50,000 രൂപയും അഷ്കർ വിറ്റുനശിപ്പിച്ചിരുന്നു. തുടർന്നു വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ആമിനയെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നു പരിക്കേറ്റ ആമിന ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ആമിനയുടെ ഉമ്മയുടെ പേരിലുള്ള അഞ്ചു സെന്റ് വസ്തുവും വീടും എഴുതി നൽകണമെന്ന് അഷ്കർ ആവശ്യപ്പെട്ടെങ്കിലും ആമിന സമ്മതിച്ചിരുന്നില്ല. ഇതേ തുടർന്ന് ആമിനയുടെ വായിൽ ബലമായി എലിവിഷം ഒഴിച്ചു കൊടുത്തുവെങ്കിലും ഒന്നും സംഭവിക്കാത്തതിനെതുടർന്ന് കിണറ്റിൽ തള്ളിയിടുകയായിരുന്നു.
ആമിന നിലവിൽ മെഡിക്കൽ കോളേജിലെ പിഎംആർ വാർഡിൽ ചികിത്സയിലാണ്. മൂന്നുദിവസത്തേക്കാണ് അഷ്കറിനെ കസ്റ്റഡിയിൽ വാങ്ങിയത്.
Tags : Nattuvishesham Districtnews conducted.