മിംസിൽ അത്യാധുനിക അഡാപ്റ്റീവ് ഡിബിഎസ് ക്ലിനിക്കിന്റെ ലോഞ്ചിംഗ്
കോഴിക്കോട്: പാർക്കിൻസൺസ് രോഗികൾക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാരീതി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. നാഡീരോഗങ്ങൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതോടൊപ്പം പാർക്കിൻസൺസ് ബാധിതർക്കായി അത്യാധുനികമായ ചികിത്സാ സംവിധാനമാണ് വിദഗ്ധ ന്യൂറോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
മരുന്നുകളിലൂടെ രോഗലക്ഷണങ്ങൾ പൂർണമായി നിയന്ത്രിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിലാണ് ഡിബിഎസ് ചികിത്സ ഏറെ ഫലപ്രദമാകുന്നത്. പരമ്പരാഗത ഡിബിഎസ് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി രോഗിയുടെ തലച്ചോറിലെ സിഗ്നലുകളെയും വ്യതിയാനങ്ങളെയും തത്സമയം വിലയിരുത്തി ആവശ്യാനുസരണം കൃത്യമായ അളവിൽ വൈദ്യുത തരംഗങ്ങൾ നൽകാൻ ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് സാധിക്കും.
വിദഗ്ധ ന്യൂറോളജിസ്റ്റ് ഡോ. ആശ കിഷോർ, ന്യൂറോ സർജൻ ഡോ. ജിം മാത്യു എന്നിവരുൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലാണ് ചികിത്സ. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.