ഗോകുലപ്രിയന് തന്റെ കൈകള്‍ മാറ്റിവച്ചതിനു ശേഷമുള്ള ആദ്യ ജന്മദിനം
കൊച്ചി: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കൈകള്‍കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സേലം സ്വദേശി ഗോകുലപ്രിയന്. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന് കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ക്കും സംഘത്തിനും സ്വന്തം കൈകളാല്‍ കേക്ക് മുറിച്ചു നല്കി, തനിക്ക് പുതുജീവനേകിയവര്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
2018ലാണ് ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല്‍ അമൃത ആശുപത്രിയില്‍ നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്‍ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു.
2025 ഒക്ടോബര്‍ 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ഗോകുലപ്രിയന് ഇരുകൈകളും വിജയകരമായി മാറ്റിവച്ചത്. ശബരിമല ദര്‍ശനത്തിനിടെ മസ്തിഷ്കമരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ എ.ആർ. അനീഷിന്റെ കൈകളാണ് വച്ചുപിടിപ്പിച്ചത്.
ജന്മദിനം ആഘോഷിക്കാന്‍ ഇന്ന് തനിക്ക് സ്വന്തം കൈകളുണ്ട്. ഈ സന്തോഷം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ലെന്ന് ഗോകുലപ്രിയൻ പറഞ്ഞു. ഇത് തന്റെ രണ്ടാം ജന്മമാണ്. ഈ ജീവിതം തിരികെ നല്കിയവരോട് താന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈമാറ്റ ശസ്ത്രക്രിയയുടെ വിജയം ശസ്ത്രക്രിയയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, രോഗിയുടെ ആത്മവിശ്വാസവും തുടര്‍ച്ചയായ പുനരധിവാസ പരിശീലനവും കുടുംബത്തിന്റെ പിന്തുണയും ചേര്‍ന്നാണ് ഇത്തരം നേട്ടങ്ങള്‍ സാധ്യമാകുന്നതെന്നും ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു.
Tags : transplanted hands. NattuVishasham DistrictNews