ബീനീഷ് ജോൺ താരാമംഗലവും പിതാവ് ജോയിയും തങ്ങളുടെ പപ്പായ കൃഷിയിടത്തിൽ.
ആലക്കോട്: അധ്യാപനവും കൃഷിയും ഒന്നിച്ചു കൊണ്ടുപോയി വിസ്മയം തീർക്കുകയാണ് കോളജ് രയോറോം സ്വദേശിയായ കോളജ് അധ്യാപകൻ ബിനീഷ് ജോൺ താരാമംഗലം. പപ്പായ കൃഷിയിലാണ് ബിനീഷ് ജോൺ വിജയഗാഥ രചിച്ച് മുന്നേറുന്നത്. മലയോര ഹൈവേയോട് ചേർന്ന തന്റെ വീട്ടിലെ അരയേക്കർ സ്ഥലത്താണ് കൃഷി. വീട് നിർമാണത്തിനായി റബർ മരങ്ങൾ മുറിച്ചു മാറ്റിയ ഭാഗമാണ് തോട്ടമായി രൂപപ്പെടുത്തിയത്. തളിപ്പറമ്പ് കരിമ്പം ഫാമിൽ നിന്നും മറ്റുമായി വാങ്ങിയ റെഡ്ലേഡി തായ്വാൻ ഇനത്തിലുള്ള 350 തോളം പപ്പായ തൈകളാണ് നട്ടത്. ഒന്നര വർഷം പിന്നിടുന്പോഴേക്കും മികച്ച വിളവാണ് നൽകിയത്. ഇവയുടെ വില്പനയിലൂടെ ലക്ഷങ്ങളുടെ വരുമാന നേട്ടമാണ് ലഭിച്ചതെന്നു ബിനീഷ് ജോൺ പറഞ്ഞു.
ഓരോ ചെടിയിലും നിലത്തുനിന്ന് ഒരടി ഉയരത്തിലായാണ് കായകളുണ്ടായതെന്നതിനാൽ വിളവെടുപ്പും എളുപ്പമായിരുന്നു. ഇതിനായുള്ള പ്രത്യേക രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ചതെന്ന് ബിനീഷ് ജോൺ പറഞ്ഞു. തൈ നടൽ മുതൽ വള പ്രയോഗം, ജലസേചനം തുടങ്ങി എല്ലാ മേഖലകളിലും ഓരോ ചെടിക്കും മികച്ച പരിപാലനമാണ് നൽകി വരുന്നത്. അതു കൊണ്ടു തന്നെ തുടർച്ചായി വിളവെടുക്കാനും കഴിയുന്നുണ്ട്. ഓരോ മരത്തിൽ നിന്നുമായി 75 കിലോയിലധികം പപ്പായകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ശരാശരി രണ്ടു മുതൽ മൂന്ന് കിലോ വരെയാണ് ഓരോ പപ്പായയുടെയും തൂക്കം. ഇലയിൽ ഉണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനും ഇലയ്ക്ക് കുടുതൽ കരുത്ത് ലഭിക്കുന്നതിനും മൈക്കോ ന്യൂട്രിയൻസ് തളിച്ചാണ് സംരക്ഷിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പപ്പായയിൽ 90 ശതമാനവും ഇടനിലക്കാരില്ലെ വീട്ടിൽ വച്ചു തന്നെ നേരിട്ടാണ് വിപണനം ചെയ്യുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ഉത്പന്നംതേടി വീട്ടിലെത്തുന്നുണ്ട്.
മലയോരമേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ശാസ്ത്രീയമായും വിപുലവുമായി പപ്പായ കൃഷിയുമായി കർഷകൻ രംഗത്തിറങ്ങുന്നത്. തലശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സൈക്കോളജി വിഭാഗം അസി. പ്രഫസറാണ് ബിനീഷ് ജോൺ. ഒഴിവ് സമയങ്ങൾ പൂർണമായും കൃഷിക്കായി മാറ്റിവച്ചാണ് ഇദ്ദേഹം പപ്പായ കൃഷിയിൽ ശ്രദ്ധേയനായ കർഷകനായി മാറിക്കഴിഞ്ഞത്. മാതാപിതാക്കളായ ജോയിയും മേരിയും ബിനീഷിനൊപ്പം കൃഷിയിൽ വ്യാപൃതരാണ്. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ അസി. പ്രഫസറായ ഭാര്യ അനു തോമസും വിദ്യാർഥികളായ സാറ, ജോൺ, സൂസൻ, എസ്റ്റർ എന്നിവരും പരിപൂർണ പിന്തുണയുമായി ബിനീഷിനൊപ്പമുണ്ട്.