പ്രതീകാത്മക ചിത്രം
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ ഡോ. റാമിനെ തെളിവെടുപ്പിനു ശേഷം ഇന്നലെ തലശേരി സെഷൻസ് കോടതിയിൽ ഹാജരാക്കിയതോ ടെയാണ് ഓഗസ്റ്റ്13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളിൽ, ഇടച്ചേരി, തുളിച്ചേരി എന്നിവിടങ്ങളിലെ റാമിന്റെ വീട്, ജോലി നോക്കിയിരുന്ന കണ്ണൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഡോ. റാമിന്റെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
മരിച്ച നിതിൻ രാജിന്റെ ബന്ധുക്കൾ, സഹപാഠികൾ, അധ്യാപകർ, സാക്ഷികൾ എന്നിവരുടെ വിശദമായ മൊഴികൾ ശേഖരിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ഡോ. റാമിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Tags : judicial custody NattuVishasham DistrictNews