ശ്രീനാരായണപുരം: സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച്കയറി സ്റ്റോർ റൂമിന്റേയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തിമുതൽ അരിവരെ കവർന്ന കേസിൽ ആസാം സ്വദേശിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആസാം ഗായ് ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീനാണ്(38) അറസ്റ്റിലായത്.
മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ആല കോതപറമ്പ് വിവിയുപി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ച്ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
കുടുംബത്തോടൊപ്പം പി. വെമ്പല്ലൂർ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങൾ പെറുക്കി ജീവിച്ചു വരികയായിരുന്നു പ്രതിയായ താജുദ്ദീൻ. മോഷണത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളുടെ താമസസ്ഥലത്തുനിന്നും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ട 99.700 കിലോഗ്രാം അരി പോലീസ് കണ്ടെടുത്തു.
മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രജീഷ്, എസ്ഐ നസിയ.എം. ഷാഹിബ്, എസ്ഐ സജീവ്, എസ്ഐ രാജി, എഎസ്ഐ പ്രജീഷ്, സീനിയർ സിപിഒ സനീഷ്, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Nattuvishesham District News