പിടിയിലായ പ്രതികൾ
അന്തിക്കാട്: വ്യാജസ്വർണം കൈവശംവച്ച് പണംതട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ഹൈവേറോബറി കേസുകളിലെ പ്രതികളടക്കമുള്ള ആറംഗ സംഘടിത കുറ്റവാളി സംഘത്തെ അന്തിക്കാട് പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
ഹൈവേ റോബറി കേസുകൾ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള തളിക്കുളം സ്വദേശി പണിക്കവീട്ടിൽ വീട്ടിൽ മുബാറക്ക് എന്ന മുബി (36), തളിക്കുളം സ്വദേശി അറക്കവീട്ടിൽ അഖിൽ (29), തളിക്കുളം സ്വദേശി അറയ്ക്കപറമ്പിൽ വീട്ടിൽ ജീവൻ (36), വാടാനപ്പള്ളി ഗണേശ മംഗലം സ്വദേശി പുതുക്കാട് വീട്ടിൽ വിഷ്ണു (29), തൃത്തല്ലൂർ സ്വദേശി വന്നേരി വീട്ടിൽ വിഷ്ണു(30), തളിക്കുളം സ്വദേശി പണിക്കവീട്ടിൽ വീട്ടിൽ ഷായിർ (36) എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞാണി സിൽവർ ബാറിൽ ഏതാനുംപേർ കുറ്റകൃത്യം ചെയ്യുന്നതിനായി ഒത്തുകൂടിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെ കാഞ്ഞാണി സിൽവർ ബാറിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.