മങ്കട: സഹകരണ സംഘങ്ങൾക്ക് മേൽ അമിതമായി വർധിപ്പിച്ച ഓഡിറ്റ് കോസ്റ്റ് ഈടക്കുന്നതിനെതിരേ ഹൈക്കോടതി തൽകാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ടീം ഓഡിറ്റിന്റെ ഭാഗമായി സഹകരണ സംഘം രജിസ്ട്രാർ 2025 സെപ്തംബർ 20ലെ 32/2025 ഉത്തരവ് പ്രകാരം രണ്ടും മൂന്നും ഇരട്ടിയിലധികം ഓഡിറ്റ് ഫീസ് വർധിപ്പിച്ചതിനെതിരേയാണ് ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.
അഭിഭാഷകരായ അഡ്വ. മുഹമ്മദ് ഹനീഫ പെരിഞ്ചീരി, ഒ.ഡി. ശിവദാസ് എന്നിവർ സംഘങ്ങൾക്കായി ഹൈക്കോടതിയിൽ ഹാജരായി. അഞ്ചുകോടിയിലധികം പ്രവർത്തന മൂലധനമുള്ള സംഘങ്ങൾ നിർബന്ധമായും ആവറേജ് കോസ്റ്റ് അടവാക്കണമെന്ന നിർദേശമുണ്ട്.
മൂന്നിരട്ടി മുതൽ പത്തരട്ടി വരെയുള്ള വർധനവ് വനിതാ സംഘങ്ങൾക്കും മറ്റു മിസലേനിയസ് സംഘങ്ങൾക്കും ബാധകമാക്കി. നാമമാത്ര ലാഭത്തിൽ പ്രവർത്തിക്കുന്ന പല സംഘങ്ങളും ജീവനക്കാർക്ക് മൊത്തം ശന്പളമാണ് നൽകി വരുന്നത്. ഇത്തരം സംഘങ്ങളിൽ ജീവനക്കാർക്ക് നൽകി വരുന്ന ശന്പളത്തേക്കാൾ ഓഡിറ്റ് കോസ്റ്റ് നൽകണമെന്ന വ്യവസ്ഥയെയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
വായ്പകൾക്ക് രണ്ട് ശതമാനം മാർജിൻ മാത്രമാണ് സംഘങ്ങൾ പരമാവധി ഈടാക്കുന്നത്. ഇതിൽ അര ശതമാനം ഓഡിറ്റ് ഫീസായി ചുമത്തുന്നു. അതോടൊപ്പം ആവറേജ് കോസ്റ്റും വലിയ ബാധ്യതയായി വരുന്നു. ആറ് കോടി പ്രവർത്തന മൂലധനമുള്ള ഒരു സംഘത്തിന് മൊത്തം ലഭിക്കുന്ന പ്രൊഫിറ്റ് മാർജിൻ 20 മുതൽ 25 ശതമാനം വരെ ഓഡിറ്റ് ഫീസിനത്തിൽ ചെലവ് വരുന്നു. ഇത് സംഘങ്ങളെ നഷ്ടത്തിലേക്ക് നയിക്കുന്നു.
Tags : Local News Nattuvishesham Malappuram