പ്രതീകാത്മക ചിത്രം
ഏറ്റുമാനൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും വ്യാപാര സ്ഥാപനത്തിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് മാറ്റുന്നില്ലെന്ന പരാതി.
അതിരമ്പുഴ ടൗൺ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിനെതിരേയാണ് വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയും വ്യാപാരിയുമായ മാത്തുക്കുട്ടി മാങ്കോട്ടിൽ പരാതി ഉന്നയിക്കുന്നത്.
വ്യാപാര സ്ഥാപനത്തിന് തടസമായ ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്ന ഉടമയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പഞ്ചായത്തോ മറ്റ് അധികൃതരോ കോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരിയുടെ പരാതി.
തിരക്കേറിയ കോട്ടയം-ഏറ്റുമാനൂർ പിഡബ്ല്യുഡി റോഡിനോട് ചേർന്നാണ് ഓട്ടോ സ്റ്റാൻഡ്. വ്യാപാര സ്ഥാപനങ്ങളോടു ചേർന്നുള്ള അനധികൃത പാർക്കിംഗ് കച്ചവടത്തെ ബാധിക്കുന്നതായും പല വ്യാപാര സ്ഥാപനങ്ങളും നിർത്തിപോയതായും വ്യാപാരികളും പറയുന്നു.
വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് മൂലം ഉപഭോക്താക്കൾക്ക് വ്യാപാര സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.
വാഹനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളെ ഓട്ടോ ഡ്രൈവർമാർ കൂട്ടമായിയെത്തി അധിക്ഷേപിക്കുന്നുവെന്നും വ്യാപാരികൾ പരാതിപ്പെട്ടിരുന്നു.ഹൈക്കോടതി ഉത്തരവ് വന്ന് ആറ് മാസമായിട്ടും വിധി നടപ്പാകാത്തതിനാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ പറഞ്ഞു.
Tags : Auto stand NattuVishasham DistrictNews