അഞ്ചാലുംമൂട് : തേനി ദേശീയപാതയിലെ കോട്ടയത്തുകടവ്-തേവള്ളി പാലത്തില്‍ ആല്മരങ്ങള് കൂട്ടത്തോടെ വളരുന്നതിനാല്‍ പാലത്തിന്റെ സ്പാനുകളും തൂണുകളും തകരുന്നതായി പരാതി.
അഞ്ചാലുംമൂട് പ്രദേശത്തുള്ളവര്‍ക്ക് വേഗത്തില്‍ കൊല്ലത്ത് എത്തുന്നതിനുള്ള ഏക ആശ്രയമാണ് കോട്ടയത്തുകടവ്-തേവള്ളി പാലം. 1967-ല്‍ നിര്‍മിച്ച പാലത്തിന് 450 മീറ്ററോളം നീളമുണ്ട്.
100 മീറ്റര്‍ വീതമുള്ള മൂന്ന് വലിയ സ്പാനുകളും, 75 മീറ്റര്‍ വീതം നീളമുള്ള രണ്ട് ചെറിയ സ്പാനുകളുമാണുള്ളത്. 1989-ല്‍ പാലത്തിന്റെ ഒരു പ്രധാന തൂണിന് വിള്ളല്‍ കണ്ടതോടെ പാലം മാസങ്ങളോളം പൂര്‍ണമായും അടച്ച് വിള്ളല്‍ വീണ തൂണിനുചുറ്റും കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് ചെയ്ത് ബലപ്പെടുത്തിയിരുന്നു.
കാലാകാലങ്ങളില്‍ നാമമാത്രമായ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തുന്നത്. നിലവില്‍ പാലത്തിന് അടിഭാഗത്തു നിന്ന് ആല്മരങ്ങള് വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. സ്പാനുകള്ക്കിടയിലൂടെ വേരുകള്‍ ആഴ്ന്നിറങ്ങിയാണ് ആല്മരങ്ങള് വളരുന്നത്.
വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സ്പാനുകള്ക്കിടയില്നിന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ അടര്‍ന്നുവീഴുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലത്തിലെ തൂണിന്റെ അടിഭാഗത്ത് കമ്പികള്‍ തുരുമ്പെടുത്ത നിലയിലാണ്.
Tags : Local News Nattuvishesham Kollam