റൂസ കോളജ് താത്കാലികമായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി പി.കെ. കാളന് മെമ്മോറിയല്‍ കോളജ്.
മാനന്തവാടി: ആവശ്യത്തിന് ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ റൂസ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോളജില്‍ പുതിയ ബാച്ചില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ എവിടെ ഇരുത്തി പഠിപ്പിക്കുമെന്ന ചോദ്യം അധികൃതരെ അലട്ടുകയാണ്.
പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. പി.കെ. കാളന് മെമ്മോറിയല്‍ കോളജ് വളപ്പിലാണ് റൂസ കോളജ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ റൂസ കോളജില്‍ പഠിക്കുന്നവര്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം നട്ടംതിരിയുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 2025 ഓഗസ്റ്റ് 18നാണ് മാനന്തവാടി ഗവ. കോളജിനോട് ചേര്‍ന്ന കെട്ടിടത്തില്‍ റൂസ ഗവ. മോഡല്‍ ഡിഗ്രി കോളജ് താത്കാലികമായി ആരംഭിച്ചത്.
ബിഎസ്സി സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ്, ബിഎസ്സി ജിയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിമോട്ട് സെന്‍സിംഗ്, ബിഎ മലയാളം, ബികോം ഫിനാന്‍സ് വിത്ത് ഫോറന്‍സിക് അക്കൗണ്ടിംഗ്, ബിഎ ഇംഗ്ലീഷ് കോഴ്സുകളാണ് കോളജില്‍ അനുവദിച്ചത്. ഈ കോഴ്സുകള്‍ ജില്ലയിലെ മറ്റു കോളജുകളില്‍ ഇല്ലാത്തതാണ്.
കോളജിന് തൃശിലേരിയില്‍ ഏറ്റെടുത്ത അഞ്ച് ഏക്കറില്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. കോളജില്‍ പുസ്തകങ്ങളും ലൈബ്രേറിയനും ഉണ്ടെങ്കിലും ഷെല്‍ഫുകള്‍ ഇല്ല. പുസ്തകങ്ങള്‍ പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കയാണ്.
ഓഫീസ് കാര്യങ്ങള്‍ക്ക് ഒരു ക്ലാര്‍ക്ക് മാത്രമാണുള്ളത്. മുമ്പ് വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ നിയമിച്ചവരെ മാതൃസ്ഥാപനങ്ങളിലേക്ക് മാറ്റി. സൗകര്യങ്ങളുടെ കുറവുമൂലം കഴിഞ്ഞ ബാച്ചിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ കോളജ് വിട്ടു.
അധ്യാപകരില്‍ ചിലരും സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നുണ്ട്. ഗവ കോളജിന് സമീപം അസാപ് സ്കില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. റൂസ കോളജില്‍ പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താത്കാലിക പഠനസൗകര്യം ഒരുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.
Tags : Local News Nattuvishesham Wayanad