പ്രതീകാത്മക ചിത്രം
കോഴിക്കോട്: പ്രൊവിഡന്‍സ് കോളജിലെ ബിസിനസ് അഡ്മിനിസ്ട്രേഷന് വിഭാഗവും ഓള് ഇന്ത്യ മലയാളി അസോസിയേഷൻ(എയിമ) കേരള വിഭാഗവും സംയുക്തമായി നടത്തുന്ന "ബിസ്നോവ 2026' മുഖാമുഖം പരിപാടി 23, 24 തീയതികളില്‍ പ്രൊവിഡന്‍സ് കോളജില്‍ വച്ച് നടക്കും. ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഗോകുലം ഗോപാലന് 23ന് രാവിലെ 9.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. "ക്ലാസ് റൂമില്‍നിന്ന് ബോര്‍ഡ് റൂമിലേക്ക്' എന്നതാണ് പരിപാടിയുടെ പ്രമേയം. ബിസിനസ് ലോകത്തെ വിദ്യാര്‍ഥി സമൂഹവുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസ്നോവ 2026 സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് മാനേജ്മെന്റ് വിദ്യാഭ്യാസത്തെ വ്യാപിപ്പിക്കാനും നേതൃത്വം, സംരംഭകത്വം, നവീകരണം, ഭരണം, തൊഴില്‍, തീരുമാനമെടുക്കല്‍ എന്നിവയില്‍ പ്രായോഗികമായ കാഴ്ചപ്പാടുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും ഈ മുഖാമുഖം പരിപാടി ലക്ഷ്യമിടുന്നതായും ബിസിനസ് മേഖലയിലെ പ്രമുഖ വ്യക്തികളുമായി സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എയിമ ദേശീയ അധ്യക്ഷ അനിത പാലാരി, വി.കെ. പ്രസി, നിമിഷ ഗോപാലന്, ഹവ അമനി, സചിത്ര വിജയന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.