അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ നടുക്കടലിൽ എഞ്ചിൻ തകരാറിലായതിനെത്തുടർന്ന് ബോട്ട് അപകടത്തിൽപ്പെട്ടു. 12 ഓളം തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലം കാവനാട് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ രാത്രി 12ന് നീർക്കുന്നം പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറിലാകുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബോട്ട് കരക്കടിഞ്ഞു.
ബോട്ടിലുണ്ടായിരുന്ന 12 ഓളം തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ബോട്ടിന്റെ അടി ഭാഗം പൂർണമായി തകർന്നതോടെ വെള്ളം കയറിയതിനാൽ ഇത് മാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റൊരു ബോട്ടിന്റെയും ജെസിബികളുടെയും സഹായത്താൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.
ബോട്ടിലുണ്ടായിരുന്ന 4 ലക്ഷത്തിൽപ്പരം രൂപയുടെ മത്സ്യവും നഷ്ടപ്പെട്ടു. രണ്ടു വർഷം മുൻപാണ് ഉടമ ഈ ബോട്ട് ഇറക്കിയത്. ബോട്ട് തകർന്നതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവന മാർഗവും നിലച്ചു
Tags : nattu vishesham Boat capsizes middle of the sea