വിലങ്ങാട് കമ്പിളിപ്പാറയില്‍ സെന്‍സസ് ഡ്യൂട്ടിക്കായി കമുങ്ങ് തടി നിരത്തിയ പാലത്തിലൂടെ പോകുന്ന എന്യൂമറേറ്റര്‍.
വിലങ്ങാട്: പ്രകൃതി താണ്ഡവമാടിയ വിലങ്ങാട് ജീവന് പണയം വച്ച് സെന്‍സസ് നടത്തേണ്ട അവസ്ഥയില്‍ ജീവനക്കാര്‍. നീര്‍ച്ചാലുകള്‍ക്ക് കുറുകെ കവുങ്ങിന് തടി നിരത്തിയ പാലവും ഉരുള്‍ അവശേഷിച്ച കൂറ്റന്‍ കല്ലുകളും കുത്തി ഒലിച്ചിറങ്ങിയ പാറകളും ഇവരെ ഭീതിപ്പെടുത്തുകയാണ്.
വാണിമേല്‍ പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളാണ് ഏറെ കഠിനം. ദുഷ്കരമായ വഴികളിലൂടെ നടന്ന ഒരു ദിവസം 20 വീടുകളില്‍ മാത്രമാണ് എത്താനാവുന്നത്. 200 മുതല്‍ 300 വരെ വീടുകളാണ് ടാര്‍ജറ്റ്. മലയോര മേഖലകളില്‍ നിന്ന് കുടിയിറക്കം തുടങ്ങിയതോടെ പല വീടുകളിലും ആള്‍ത്താമസം ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. ഉള്ള വീടുകളിലാണെങ്കില്‍ പകല്‍ സമയങ്ങളില്‍ ആരും ഉണ്ടാവുന്നില്ല. ഇതെല്ലാം താണ്ടിവേണം എന്യൂമറേറ്റമാര്‍ ജോലിചെയ്യാന്‍.
വീട്ടുകാരെ തേടി നാല് പ്രാവശ്യം വരെ മലകയറി ഇറങ്ങേണ്ടി വന്നെന്നാണ് പലരും പറയുന്നത്. വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കമ്പിളിപാറ, പൂവത്താം കണ്ടി മേഖലകള്‍ പകല്‍സമയങ്ങളില്‍ പോലും ഭീതി ജനിപ്പിക്കുന്ന സ്ഥലമാണ്. പന്നി ശല്യവും ഈ മേഖലയിലുണ്ട്. ഉരുള്‍ സര്‍വനാശം വിതച്ച മഞ്ഞച്ചിളി , പാനോം , ആനക്കുഴി ഭാഗങ്ങളില്‍ താമസക്കാര്‍ നന്നേ കുറവാണ്. ഈ പ്രദേശം മുഴുവന്‍ കാട് മൂടിയ നിലയിലാണ്.
തകര്‍ന്ന് തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്ക്കരികിലേക്ക് എത്താന്‍ പോലും കാട് വെട്ടിത്തെളിച്ച് വഴികള്‍ ഉണ്ടാക്കണം. മഴ ഒഴിഞ്ഞ് നില്ക്കുന്ന സമയങ്ങളില്‍ മാത്രമേ ഈ പ്രദേശത്ത് കണക്കെടുപ്പ് നടത്താന്‍ കഴിയു എന്നാണ് എന്യൂമറേറ്റര്‍മാർ പറയുന്നത്.
Tags : Local News Nattuvishesham Kozhikode