ആര്‍ജെഡി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആര്‍ജെഡി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്ക് കൂട്ടിയിടിക്കാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡില്‍ പരിമിതമായ സ്ഥലത്ത് ആവശ്യത്തിലേറെ കട മുറികള്‍. ഓഫീസ് മുറികളില്‍ ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ സ്ഥലമില്ല.
യാത്രക്കാര്‍ നിൽക്കുന്നിടത്ത് നായ്ക്കളുടെ ശല്യം ഭയപ്പെടുത്തുന്നതാണ്. മഴപെയ്താല്‍ ബസില്‍ കയറിപ്പറ്റുന്നത് അങ്ങേയറ്റം ദുഷ്കരം. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയില്‍ സെക്യൂരിറ്റി ഗാര്‍ഡില്ല. പമ്പ് ഓപ്പറേറ്റര്‍ ഇല്ല. സിഎല്‍ആര്‍ ജീവനക്കാര്‍ ഇല്ല. രാത്രി 10 മുതല്‍ രാവിലെ ആറു വരെ എന്‍ക്വയറി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. വര്‍ക്ക് ഷോപ്പിലെ റാമ്പില്‍ മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കും.
ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ട് കാടുപിടിച്ചും ചെളിക്കുണ്ടുമായി കിടക്കുന്നു. ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കും കെഎസ്ആര്‍ടിസി അധികാരികള്‍ക്കും പരാതി നല്കുന്നതിനു തീരുമാനിച്ചു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. ആര്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കുര്യന്, ജില്ലാ സെക്രട്ടറി ജോര്‍ജ് മാത്യു, ഏബ്രഹാം പി. മാത്യു, ബേബി ജോസഫ്, എ.ടി. ജയന്, സുജാത ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam