പാക്കില്‍ സംക്രമ വാണിഭത്തില്‍ തയാറായിട്ടുള്ള കാര്ഷീകോത്പന്നങ്ങള് വില്‍ക്കുന്ന സ്റ്റാളുകളില്‍ ഒന്ന്.
ചിങ്ങവനം: ഗൃഹാതുരത്വത്തിന്റെയും കാര്‍ഷിക സംസ്കാരത്തിന്റെയും നേര്‍കാഴ്ചയായി പാക്കില്‍ സംക്രമ വാണിഭത്തിന് തുടക്കം. പാക്കില്‍ ധര്‍മശാസ്താ ക്ഷേത്രമൈതാനത്ത് നൂറ്റാണ്ടുകളായി നടന്നുവരുന്ന വാണിഭത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാരും കുടുംബവും കുട്ടയും മുറവും വിറ്റു നാട് ചുറ്റുന്നതിനിടയില്‍ ഇന്നത്തെ പാക്കിലുമെത്തി.
ഈ സമയം ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിനിടയില്‍, വിഗ്രഹം ഉറയ്ക്കാതെ വരികയും അവിടെയുണ്ടായിരുന്ന പാക്കനാര്‍ എത്തി ‘ഇവിടെ പാര്‍ക്ക്’ എന്നുപറഞ്ഞ് വിഗ്രഹം ഉറപ്പിക്കുകയും ചെയ്തൃതുവെന്നാണ് ഐതിഹ്യം.
തുടര്‍ന്ന് എല്ലാ വര്‍ഷവും ഇവിടെ വന്ന് കച്ചവടം നടത്താനുള്ള അവകാശവും ക്ഷേത്രത്തില്‍നിന്നു ലഭിച്ചു. ഇതേത്തുടര്‍ന്ന് എല്ലാ കര്‍ക്കിടക മാസം ഒന്നിന് പാക്കനാരുടെ കുടുംബക്കാര് ഇവിടെ വന്നു കുട്ടയും മുറവും വില്‍ക്കുകയും പില്ക്കാലത്ത് ക്ഷേത്രമൈതാനം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന വിപണന മേളയായി മാറുകയുമായിരുന്നു.
കുട്ട, മുറം, വിവിധയിനം തഴപ്പായകള്‍, ഉരല്, ഉലക്ക, അരകല്ല്, ആട്ടുകല്ല്, വിവിധയിനം കല്‍ചട്ടികളും മണ്‍പാത്രങ്ങളും നാഴി, ഇടങ്ങഴി, പറ തുടങ്ങി പുതുതലമുറക്ക് കേട്ടുകേൾവി പോലുമില്ലാത്ത പഴമയുടെ പെരുമയ്ക്ക് നേര്കാഴ്ചയൊരുക്കുകയാണ് പാക്കില്‍ വാണിഭം.
പിച്ചാത്തി മുതല്‍ കാര്‍ഷികോപകരണങ്ങള്‍, തൂമ്പാകൈ, കോടാലി, വിവിധയിനം തുഴകള്‍ വരെ സ്റ്റാളുകളില്‍ ലഭ്യമാണ്. ആളുകള്‍ കുടംപുളി തെരഞ്ഞുനടക്കുന്നത് വാണിഭത്തിലെ പ്രധാന കാഴ്ചയാണ്. കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും സ്റ്റാളുകള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍, വിവിധയിനം തെങ്ങിന് തൈകള്‍, ചെടികള്‍, വിത്തിനങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും. ഒരുമാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വാണിഭക്കാലം പാക്കില്‍ ഉള്‍പ്പെടുന്ന നാട്ടകത്ത് ഉത്സവകാലം കൂടിയാണ്.
Tags : Local News Nattuvishesham Kottayam