ബഡ്സ് സ്കൂളിന് സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കാനാട്ട് ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയ്ക്ക് കൈമാറുന്നു.
കൂരാച്ചുണ്ട്: എട്ടുവർഷങ്ങളായി പരിമിതമായ സൗകര്യങ്ങളിൽ വാടക കെട്ടിടത്തിൽ വട്ടച്ചിറയിൽ പ്രവർത്തിച്ചു വരുന്ന കൂരാച്ചുണ്ട് ബഡ്സ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള സ്ഥലം സൗജന്യമായി നൽകി. കൂരാച്ചുണ്ട് സ്വദേശിയായ കാനാട്ട് അജിത്താണ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. വിട്ടുനൽകുന്ന ഭൂമിയുടെ രേഖകൾ അജിത്തിന്റെ മാതാപിതാക്കളായ കാനാട്ട് ചാക്കോ, റിട്ട. അധ്യാപികയായ അച്ചാമ്മ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയ്ക്ക് കൈമാറി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, പഞ്ചായത്തംഗം സണ്ണി കാനാട്ട്, ഡോ. എ.ജെ. വർക്കി, അസി. സെക്രട്ടറി കെ.പി. മനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെട്ടിട നിർമാണത്തിനായി ആവശ്യമായ ബാക്കി അഞ്ചുസെന്റ് സ്ഥലം വാങ്ങുകയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.
കെഎസ്എസ്പിഎ കൂരാച്ചുണ്ട് യൂണിറ്റ്, ഡോ. എ.ജെ. വർക്കി, ജോയ് മൂലകുന്നേൽ, ജോമോൻ ചിറപ്പുറം, ആന്റണി തൈക്കാട്ട്, പുഷ്പ കരിങ്ങട, മാത്യു പുത്തൂർ, രാധാകൃഷ്ണൻ ഇരട്ടപ്പാറക്കൽ, ജോസ് കുന്നത്തേട്ട്, മനു ചേലാപ്പറമ്പത്ത്, ജോർജ് ചെമ്മാച്ചേൽ, റസാഖ് കായാട്ടുമ്മൽ, അബി സി. ചേലാപറമ്പത്ത്, തോമസ് എളംബ്ലാശ്ശേരി എന്നിവരുടെ സഹകരണത്തോടെയാണ് ഭൂമി വാങ്ങിയത്. ഇവരോടൊപ്പം പഞ്ചായത്ത് ഭരണസമിതി നടത്തിയ ഇടപെടലും ബഡ്സ് സ്കൂളിന് സ്വന്തമായ ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ചു. വി.ടി. സൂരജ് എംഎൽഎയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ കെട്ടിട നിർമാണം നടത്തും.
Tags : Nattuvishesham District News Buds School own building