നവാസ്
ചാത്തന്നൂര്: പ്ലാമൂട് ജംഗ്ഷനില് വീട് കുത്തിത്തുറന്ന് അഞ്ചു പവന് സ്വര്ണാഭരണങ്ങള് മോഷ്ടിച്ച കേസിലെ പ്രതിയെ ചാത്തന്നൂര് പൊലിസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നേമം പാപ്പനംകോട് ഫര്ഹന് വില്ലയില് ബാറ്ററി നവാസ് എന്നറിയപ്പെടുന്ന നവാസ്(53) ആണ് പിടിയിലായത്.
പ്ലാമൂട് ജംഗ്ഷനു സമീപം രാജ് ഭവനില് അലക്സാണ്ടറുടെ വീട്ടില് നിന്നാണു സ്വര്ണാഭരണങ്ങള് കവര്ന്നത്, രണ്ടുദിവസം മുമ്പ് വീട് പൂട്ടി ബന്ധുവീട്ടില് പോയശേഷം മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
വാതില് തകര്ത്ത് ഉള്ളില്ക്കടന്ന മോഷ്ടാക്കള് കിടപ്പുമുറിയില് സൂക്ഷിച്ചിരുന്ന സ്വര്ണാഭരണങ്ങളാണ് കവര്ന്നത്. ഇതിനു സമീപത്തെ വീട്ടിലും കവര്ച്ചാശ്രമം ഉണ്ടായി. കോയിപ്പാട് സ്കൂളിനും മാര്ത്തോമ്മാ പള്ളിക്കും സമീപത്തും കഴിഞ്ഞ ദിവസം കവര്ച്ചാശ്രമം നടന്നിരുന്നു.
മോഷണക്കേസില് ജയിലിലായിരുന്ന നവാസ് ജാമ്യത്തിലിറങ്ങിയത് തൊട്ടടുത്ത ദിവസമാണെന്ന് പൊലിസ് പറയുന്നു. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 81 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് നവാസ്. ഓരോ തവണ ജാമ്യത്തിലിറങ്ങുമ്പോഴും ഏറ്റവും കുറഞ്ഞത് മൂന്നു മോഷണമെങ്കിലും നടത്തുന്നതാണ് ശൈലി. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും മോഷണരീതിയും പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് പാപ്പനംകോട്ടു നിന്നു നവാസിനെ അറസ്റ്റ് ചെയ്തത്.