കാഞ്ഞിരപ്പള്ളി മണ്ഡലം
കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി ഇന്നലെ രാവിലെ ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഉച്ചവരെ നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചകഴിഞ്ഞ് പള്ളിക്കത്തോട് മേഖലകളിലും പ്രചാരണം നടത്തി. വൈകുന്നേരം വാഴൂർ കെഎസ്പിഎ കുടുംബ സംഗമം, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി മണ്ഡലം കൺവൻഷനുകളിലും പങ്കെടുത്തു.
കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ നെടുംകുന്നം പഞ്ചായത്തിൽ ഭവന സന്ദർശനം നടത്തി. വർഷങ്ങളായി മാറ്റം ആഗ്രഹിക്കുന്ന ജനതയെയാണ് മണ്ഡലത്തിൽ കാണാനായതെന്ന് അദ്ദേഹം പറഞ്ഞു.
വികസനകാര്യത്തിൽ മണ്ഡലം പിന്നിലാണ്. ഒരു വികസനവും മണ്ഡലത്തിൽ നടക്കുന്നില്ല. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാട് മണ്ഡലത്തിലും കേരളത്തിലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നെടുംകുന്നം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും നെടുംകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നടന്ന ശക്തികേന്ദ്ര യോഗത്തിലും ജോർജ് കുര്യൻ പങ്കെടുത്തു.
പൂഞ്ഞാർ മണ്ഡലം
പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ മുണ്ടക്കയം സിഎസ്ഐ പാരിഷ് ഹാളിൽ നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ മജു പുളിക്കൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ, സിഎസ്ഡിഎസ് സംസ്ഥാന സെക്രട്ടറി കെ.കെ. സുരേഷ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, ജോയി ഏബ്രഹാം, ഫിൽസൺ മാത്യൂസ്, പി.എ. സലീം, സലിം പി. മാത്യു, അസീസ് ബഡായിൽ, ജയ്സൺ ജോസഫ്, ടി.സി. അരുൺ, തമ്പി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺവൻഷന് മുന്നോടിയായി മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽനിന്ന് യുഡിഎഫ് പ്രവർത്തകർ മഹാറാലിയും നടത്തി.
പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി പി.സി. ജോർജിന്റെ വാഹനപര്യടനത്തിന്റെ രണ്ടാം ദിനം പാറത്തോട് പഞ്ചായത്തിൽ നടത്തി. രാവിലെ 8.30ന് ആനക്കല്ലിൽനിന്ന് ആരംഭിച്ച് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. രാത്രി ഏഴിന് കൂവപ്പള്ളിയിൽ പാറത്തോട് പഞ്ചായത്തിലെ പര്യടനം അവസാനിച്ചു.ഇന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് ആനിക്കുഴിയിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം പൂഞ്ഞാർ ടൗണിൽ സമാപിക്കും.
Tags : nattu vishesham Candidates intensify