കാഞ്ഞിരപ്പള്ളി: ഈസ്റ്റർ ആശംസകളുമായി ജനങ്ങൾക്കിടയിലൂടെ വോട്ട് അഭ്യർഥനയുമായി സ്ഥാനാർഥികൾ ഇന്നലെ മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്നു.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി ഇന്നലെ പൊൻകുന്നം ടൗണിൽ പ്രചാരണം നടത്തി. വിവിധ കടകളിലും ബസ് സ്റ്റാൻഡിലും എത്തി വോട്ട് അഭ്യർഥിച്ച് എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു.
എൽഡിഎഫ് സ്ഥാനാർഥി ഡോ.എൻ. ജയരാജ് ഇന്നലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പ്രചാരണം നടത്തി. കാഞ്ഞിരപ്പള്ളി, കൊരട്ടി എന്നിവിടങ്ങളിലെ ഭവനങ്ങൾ, ആതുരാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വോട്ട് അഭ്യർഥിക്കുകയും എല്ലാവർക്കും ഈസ്റ്റർ - വിഷു ആശംസാ കാർഡുകളും നൽകുകയും ചെയ്തു. തുടർന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് പ്രചാരണാർഥം കങ്ങഴ പത്തനാട് കവലയിൽ നടത്തിയ പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ ഇന്നലെ നെടുംകുന്നം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഈസ്റ്റർ ആശംസകൾ നേർന്നു. പത്തനാട്, കാഞ്ഞിരപ്പള്ളി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. വാഴൂർ, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നടന്ന വിവിധ കുടുംബസംഗമങ്ങളിലും പങ്കെടുത്തു. ഇന്ന് ജോർജ് കുര്യൻ ഭവനസന്ദർശനങ്ങൾ നടത്തും. നാളെ പള്ളിക്കത്തോട് പഞ്ചായത്തിലെ പര്യടനത്തോട് കൂടി പഞ്ചായത്ത് തല പര്യടനം പൂർത്തിയാകും.
പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യൻ ഇന്നലെ എരുമേലി പഞ്ചായത്തിൽ പ്രചാരണം നടത്തി. മുക്കൂട്ടുതറയിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.
എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്നലെ ഈരാറ്റുപേട്ടയിൽ പ്രചാരണം നടത്തി. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. വൈകുന്നേരം പാറത്തോട്, 26ാം മൈൽ, ഒന്നാം മൈൽ, കൂവപ്പള്ളി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി വോട്ട് അഭ്യർഥിച്ചു.
എൻഡിഎ സ്ഥാനാർഥി പി.സി. ജോർജ് മുണ്ടക്കയം, മുക്കൂട്ടുതറ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ചു.
Tags : nattu vishesham Candidates Easter greetings