Cardamom
നെടുങ്കണ്ടം: പതിവില്ലാത്ത കടുത്ത ചൂടും മഴയുടെ കുറവും ഏലം കൃഷിക്ക് കനത്ത തിരിച്ചടിയാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി അനുഭവപ്പെടുന്ന ശക്തമായ ചൂടിൽ ഏലച്ചെടികൾ ഉണങ്ങുകയും ശരങ്ങൾ കരിയുകയും ഇലകളിൽ കരിച്ചിൽ വ്യാപകമാകുകയും ചെയ്തതോടെ കർഷകർ ആശങ്കയിലാണ്. ചൂടിനൊപ്പം ഫംഗസ് രോഗങ്ങളും പടരുന്നതായി കർഷകർ പറയുന്നു.
തണുപ്പും ഈർപ്പവും ആവശ്യമായ ഏലച്ചെടികൾക്ക് തുടർച്ചയായ വരൾച്ചയും കനത്ത വെയിലും വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. തോട്ടങ്ങളിൽ മണ്ണിലെ ഈർപ്പം കുറഞ്ഞത് ചെടികളുടെ വളർച്ചയെയും പൂങ്കുലകളുടെയും കായ്കളുടെയും രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. നേരത്തേ നല്ല നിലയിലായിരുന്ന ചെടികളിൽപോലും ഇലകൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.
ശരങ്ങൾ കരിയുന്നു
വെയിലിന്റെ തീവ്രത വർധിച്ചതോടെ ഏലച്ചെടിയുടെ ഇളം ശരങ്ങളിലാണ് പ്രധാനമായും കരിച്ചിൽ അനുഭവപ്പെടുന്നത്. ഇലകൾ മഞ്ഞനിറമാകുകയും പിന്നീട് ഉണങ്ങുകയും ചെയ്യുന്നു. ചൂടിന്റെ ആഘാതത്തോടൊപ്പം രോഗബാധ കൂടിയതും കർഷകരുടെ ദുരിതം വർധിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥയിലെ വ്യതിയാനവും മഴയിലെ ക്രമക്കേടും ഏലം ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണെന്നു കാർഷിക മേഖലയിലെ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു.
വിലയുണ്ട്, കായില്ല
വിപണിയിൽ ഏലക്കായ്ക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്പാദനക്കുറവ് കർഷകരെ കൂടുതൽ നിരാശരാക്കുന്നത്. ഇന്നലെ ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ഏലക്കാ ലേലത്തിൽ ശരാശരി വില കിലോയ്ക്ക് 3,069.30 ആയിരുന്നു.
ഉയർന്ന വില ലഭിക്കുന്നുണ്ടെങ്കിലും തോട്ടങ്ങളിൽനിന്നു ലഭിക്കുന്ന കായുടെ അളവ് കുറയുന്നതിനാൽ വിലയുടെ നേട്ടം പൂർണമായി കർഷകരിലേക്ക് എത്തുന്നില്ല.
ചെലവ് കുത്തനെ ഉയർന്നു
വളം, കീടനാശിനി, കുമിൾനാശിനി തുടങ്ങിയവയുടെ വില വർധിച്ചതും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. തൊഴിലാളികളുടെ കൂലിയും തോട്ടപരിപാലന ചെലവും ഉയർന്നതോടെ ഏലം കൃഷിക്കു വേണ്ടിവരുന്ന നിക്ഷേപം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രിക്കാൻ അധികമായി മരുന്നുകളും വളങ്ങളും ഉപയോഗിക്കേണ്ടിവരുന്നതു ചെലവ് വീണ്ടും ഉയർത്തുന്നു.
വെയിലിനെ പ്രതിരോധിക്കാൻ അധികച്ചെലവ്
തോട്ടങ്ങളിൽ ഈർപ്പം നിലനിർത്താൻ ജലസേചനം ഉൾപ്പെടെയുള്ള അധിക ക്രമീകരണങ്ങൾ നടത്തേണ്ടിവരികയാണ്. ചെറുകിട കർഷകർക്ക് ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കനത്ത ചൂട് തുടരുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താൽ നിലവിലുള്ള വിളയ്ക്കു മത്രമല്ല, വരും മാസങ്ങളിലെ ഉത്പാദനത്തിനും തിരിച്ചടിയാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
കാലാവസ്ഥാ വ്യതിയാനം ആശങ്കയാകുന്നു
മഴയുടെ കുറവും ഇടവിട്ടുള്ള വരൾച്ചയും ഉയർന്ന താപനിലയും ചേർന്നുള്ള കാലാവസ്ഥാ സാഹചര്യം ഇത്തവണ ഏലം കൃഷിക്ക് വലിയ വെല്ലുവിളിയാണു സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയും ഉയർന്ന താപനിലയും ഉണ്ടാകാനുള്ള സാഹചര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.