നിർമാണം നിലച്ച ആറുമാനൂർ - പാറേക്കടവ് പാലം
11 വർഷത്തിനിടെ നിർമിച്ചത് അഞ്ച് തൂണുകൾ മാത്രം
അയർക്കുന്നം:പഞ്ചായത്തിലെ ആറുമാനൂർ - പാറേക്കടവ് പാലത്തിന് ഇങ്ങനെ നിൽക്കാനാണോ വിധിയെന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് വർഷം 11ആയി. 2015ൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുടങ്ങി വച്ച പാലം നിർമാണം 2026ലും അഞ്ചു തൂണുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ കരയെയും ഏറ്റുമാനൂർ കരയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാറേക്കടവ്-നന്ത്യാട്ട് കടവ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അയർക്കുന്നം പഞ്ചായത്തിൽ കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ കടത്തുകാരൻ ഉണ്ടായിരുന്ന കടവാണ് പാറേക്കടവ്-നന്ത്യാട്ട് കടവ്. കടത്തുകാരൻ പെൻഷൻ പറ്റിയാൽ പുതിയ കടത്തുകാരനെ അനുവദിക്കില്ലെന്ന നിയമപ്രകാരം ഈ തസ്തിക പിന്നീട് ഇല്ലാതായി. ഇതോടെയാണ് പാലം നിർമിക്കാൻ തീരുമാനിച്ചത്.
റവന്യു വകുപ്പിന്റെ റിവർ മാനേജ്മെന്റെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണം ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒൻപതു പാലങ്ങൾക്കായി 32 കോടി രൂപയാണ് അന്ന് വകയിരുത്തിയത്. നാലു കോടി രൂപയാണ് ആറുമാനൂർ പാലത്തിനായി അനുവദിച്ചത്. നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണചുമതല.
കടത്തുനിന്നു, പാലവും വന്നില്ല
ആറുമാനൂർ പ്രദേശത്തുള്ളവർക്കു വേഗത്തിൽ ഏറ്റുമാനൂരിലെ വിവിധ സ്ഥാപനങ്ങളിൽ എത്താൻ സാധിക്കുന്ന എളുപ്പവഴി കൂടിയായിരുന്നു ഇത്. മുന്പ് കടത്ത് ഉണ്ടായിരുന്നപ്പോൾ വിദ്യാർഥികൾ ഉൾപ്പടെ ഇതിനെ ആശ്രയിച്ചിരുന്നു. നിലവിൽ കടത്തും പാലവും ഇല്ലാത്ത സ്ഥിതിയാണ്. പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ സമരങ്ങൾ നടന്നെങ്കിലും പ്രയോജനമുണ്ടായില്ല.
അധികൃതർ ഇടപെടണം
പാലത്തിന്റെ തൂണുകൾ നിർമിച്ചിട്ട് വർഷങ്ങളായി. മറ്റു നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പാലം നിർമാണത്തിൽ അധികാരികളുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണം.
ജിന്റോ ജോർജ് ,കളവച്ചതുണ്ടത്തിൽ, ആറുമാനൂർ
ഗതാഗതക്കുരുക്കിന് പരിഹാരമാകും
കിഴക്കൻ മേഖലയിലുള്ളവർക്ക് ഏറ്റുമാനൂർ, മെഡിക്കൽ കോളജ്, എംജി സർവകലാശാല, പേരൂർ, നീണ്ടൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. അയർക്കുന്നം റോഡിലെ ഗതാഗതക്കുരുക്കിന് പാലം പൂർത്തിയായാൽ പരിഹാരമാകും.
ജോയി കൊറ്റം, അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പ്രയോജനമാകും
പാലം പണി പൂർത്തിയായാൽ നിരവധി വിദ്യാർഥികൾക്ക് പ്രയോജനമാകും. എംജി യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ, പേരൂർ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താം.
വൈഷ്ണവ്, വിദ്യാർഥി, കൊങ്ങാണ്ടൂർ
Tags : Nattuvishesham DistrictNews DeepikaNews Parekadavu Bridge